തിരുവനന്തപുരം: കൈ ശുദ്ധിവരുത്തി പവിത്രം ധരിച്ച് പൂവെടുത്ത് ചന്ദനവും എള്ളും ചേർത്ത് കിണ്ടിയിലെ ജലത്തിലേക്ക് അർപ്പിച്ച ശേഷം, അത് അടച്ചുപിടിച്ച് പുണ്യനദികളെ സ്മരിച്ചുള്ള മന്ത്രങ്ങൾ ഉരുവിട്ടുതുടങ്ങി.
''ഓം ഗംഗേ ച യമുനേ ചൈവ ഗോദാവരി..."
വെങ്ങാനൂരിലെ വീട്ടിൽ ഷിബുലാൽ ബലിതർപ്പണം നടത്തുമ്പോൾ കേരള കൗമുദി പത്രം നിവർത്തിവച്ച് ഭാര്യ സിന്ധു അടുത്തുതന്നെ ഉണ്ടായിരുന്നു.
കൊവിഡ് വിലക്ക് കാരണം കർക്കടക വാവിന് ആളും ആരവവും ഇല്ലാതെ തീർത്ഥഘട്ടങ്ങൾ വിജനമായപ്പോൾ വീട്ടുമുറ്റങ്ങൾ പുണ്യസങ്കേതമാക്കിയാണ് ഷിബുലാലിനെപ്പോലെ പതിനായിരക്കണക്കിന് മലയാളികൾ പിതൃക്കൾക്ക് ബലിതർപ്പണം നടത്തിയത്
കർമ്മങ്ങൾ തെറ്റാതെ പാലിക്കാനും മന്ത്രങ്ങൾ ഉരുവിടാനും മിക്കവർക്കും തുണയായത് കേരളകൗമുദി.
പത്രത്തിൽ പ്രസിദ്ധീകരിച്ച തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ സഹപുരോഹിതൻ പി.നാരാണശർമ്മയുടെ ലേഖനത്തിൽ, വീട്ടിൽ ബലിതർപ്പണം നടത്തേണ്ട വിധം വിശദമായി വിവരിച്ചിട്ടുണ്ടായിരുന്നു.
ഷിബുലാൽ ചടങ്ങുകൾ പൂർത്തിയാക്കി ചാണകം മെഴുകിയിടത്ത് പിണ്ഡം വച്ചു. ഇലകീറി പിണ്ഡത്തിന്റെ രണ്ടു വശവും ഇട്ടു. കൈകൾ മുകളിലേക്ക് ഉയർത്തി കൊട്ടി മാറി നിന്നു. ബലികാക്ക മെല്ലെ പറന്നിറങ്ങി പിണ്ഡം കൊത്തി ഭക്ഷിച്ചു. ഷിബുലാലിന്റെയും ഭാര്യ സിന്ധുവിന്റെയും മുഖത്ത് നിറഞ്ഞ സംതൃപ്തി.
15ന് കേരളകൗമുദിയുടെ ഒന്നാം പേജിൽ 'പുണ്യതീർത്ഥക്കര വേണ്ട, ബലിതർപ്പണം വീട്ടിൽ ഉത്തമം' എന്ന തലക്കെട്ടിൽ വന്ന വാർത്ത വായിച്ചതോടെയാണ് വീട്ടിൽ ബലിയിടാൻ സ്വകാര്യ പാൽക്കമ്പനിയിലെ ജീവനക്കാരനായ ഷിബുലാൽ തീരുമാനിച്ചത്. പത്രത്തിലെ വാർത്തയും ലേഖനവും യുട്യൂബ് ചാനലിലെ വീഡിയോയും ധാരാളമായി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു.
ചിലർ ഓൺലൈൻ കാർമികത്വം സ്വീകരിച്ചാണ് പിതൃക്കളെ ഊട്ടിയത്. പതിനായിരങ്ങൾ പിതൃതർപ്പണത്തിന് എത്തിയിരുന്ന തീർത്ഥഘട്ടങ്ങൾ ഇക്കുറി വിജനമായിരുന്നു. പുലർച്ചെ സ്‌നാനഘട്ടങ്ങളിലെത്തി പരികർമ്മിയുടെ സഹായമില്ലാതെ ബലി തർപ്പണം നടത്തിയവരുമുണ്ട്. ചെറിയ ആൾക്കൂട്ടം രൂപപ്പെട്ടിടത്തെല്ലാം പൊലീസെത്തി വിലക്കി. ക്ഷേത്രങ്ങളിൽ നിവേദ്യപായസം കാക്കകൾക്കായി വിളമ്പി.ബലി തർപ്പണം നടത്തുന്ന ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ടായിരുന്നു.