തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാൻ നിയമനിർമ്മാണം നടത്തുന്ന നടപടി ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും ജനവഞ്ചനയുമാണെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ വി.എം. സുധീരൻ പ്രസ്താവിച്ചു.
ഹാരിസണും സമാനകുത്തക കമ്പനികളും നിയമവിരുദ്ധമായി കൈപ്പിടിയിലാക്കിവച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം ഭൂമി സർക്കാരിന്റേതാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെട്ടതാണ്. നിവേദിത പി. ഹരൻ കമ്മിഷൻ, ജസ്റ്റിസ് മനോഹരൻ കമ്മിഷൻ, സജിത്ബാബു റിപ്പോർട്ട്, രാജമാണിക്യം റിപ്പോർട്ട്, നന്ദനൻ പിള്ളയുടെ വിജിലൻസ് റിപ്പോർട്ട് എന്നിങ്ങനെയുള്ള ആധികാരിക പരിശോധനകളിൽ ഇത് വ്യക്തമായതാണ്. വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിലും കുത്തക കമ്പനികളുടെ തട്ടിപ്പുകളെക്കുറിച്ചും വ്യാജരേഖകളെക്കുറിച്ചും കണ്ടെത്തലുകളുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും നിയമസഭയിലടക്കം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഇതിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നത് വിചിത്രമാണ്.
ചെറുവള്ളി എസ്റ്റേറ്റ് അനധികൃതമായി കൈയിലാക്കിയ ബിലീവേഴ്സ് ചർച്ചിനും അവർക്ക് എസ്റ്റേറ്റ് വിറ്റ ഹാരിസണും നിയമവിരുദ്ധമായി ഭൂമി കൈയടക്കിവച്ചിട്ടുള്ള സമാന കുത്തക കമ്പനികൾക്കും ഇല്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചുകൊടുക്കലാകും ഇതിന്റെ ഫലം.
വൻകിട മുതലാളിത്ത ഗ്രൂപ്പുകൾക്കായി സംസ്ഥാനത്തിന്റെ അമൂല്യസമ്പത്ത് അന്യാധീനപ്പെടുത്തി കുത്തക മുതലാളിത്ത താത്പര്യങ്ങളെ പരിരക്ഷിക്കുന്ന ഇത്തരം നടപടികൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാക്കളങ്കമാണ്. അതിനാൽ തെറ്റായ നിയമനിർമ്മാണ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സുധീരൻ ആവശ്യപ്പെട്ടു.