kayal

കഴക്കൂട്ടം: ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായ കഠിനംകുളം മുരുക്കുംപുഴ കടത്തുപാലം എന്നുവരുമെന്ന് ഒരു തിട്ടവുമില്ല. കടത്തുപാലത്തിനായി പ്രദേശവാസികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇനിയും അത് യാഥാർത്ഥ്യമാക്കാൻ അധികൃതർക്കായിട്ടില്ല. കഠിനംകുളം പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് മുരുക്കുംപുഴവരെയുള്ള മുക്കാൽ കിലോമീറ്റർ യാത്രചെയ്യാൻ രണ്ട് തുഴച്ചിൽ വള്ളം മാത്രമാണുള്ളത്. ഇതിൽ ഒരു വള്ളം തുഴയാൻ ജലസേചന വകുപ്പിലെ ഒരു സ്ഥിരം ജീവനക്കാരനുണ്ടെങ്കിലും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നാണ് കഠിനംകുളത്തുകാർ പറയുന്നത്. താൽക്കാലിക ജോലിക്കാരനാണ് വല്ലപ്പോഴും ഈ വള്ളത്തിൽ യാത്രക്കാരെ കൊണ്ടുപോകുന്നത്. അതും ചിലസമയത്ത് കൂടുതൽ യാത്രക്കാർ ഉണ്ടാവാറുണ്ട്. അപകട സാദ്ധ്യത ഉള്ളതിനാൽ അപ്പോൾ യാത്രക്കാരുടെ നെഞ്ചിൽ തീയാണ്.

കഠിനംകുളത്ത് നിന്ന് കായലുവഴിയാണെങ്കിൽ മുക്കാൽ കിലോമീറ്റർ മതി മുരുക്കുംപുഴയിലെത്താൻ. അവിടെ നിന്ന് മംഗലപുരം ദേശിയപാതയിലും പോത്തൻകോട് വഴി എം.സി റോഡിലും പ്രവേശിക്കാൻ എളുപ്പം കഴിയും. എന്നാൽ, റോഡുമാർഗ്ഗമാണെങ്കിൽ കണിയാപുരം, കരിച്ചാറ വഴി പത്തുകിലോമീറ്ററോളം ചുറ്റിക്കറങ്ങണം. മാത്രമല്ല കണിയാപുരത്തെ റെയിൽവേ ഗേറ്റിലെ തിരക്കും യാത്രക്കാരെ വട്ടം കറക്കും.

പെരുമാതുറ- അഴൂർ പാലമൊക്കെ വന്നെങ്കിലും എൻ.എച്ചിൽ പ്രവേശിക്കാൻ കഠിനംകുളം മുരുക്കുംപുഴ കടത്താണ് ഏറ്റവും എളുപ്പം. എം.എ. വാഹിദ് എം.എൽ.എയായിരുന്ന സമയത്ത് പതിനഞ്ച് വർഷം മുമ്പ് കഠിനംകുളം കടത്ത് പാലം നി‌ർമ്മിക്കുന്നതിന് അന്നത്തെ മന്ത്രിയായിരുന്ന വക്കം പുരുഷോത്തമൻ പതിനയ്യായിരം രൂപ ബഡ്ജറ്റിൽ വക കൊള്ളിച്ചതാണ്. തുടർന്ന് കായലിന്റെ ആഴം പരിശോധിച്ച് തുടർ നടപടികളുമായി നീങ്ങി. പിന്നീട് അങ്ങോട്ടൊന്നും നടന്നില്ല. പിന്നീട് വന്ന ജനപ്രതിനിധികളാകട്ടെ പാലം നിർമ്മാണത്തിന് കാര്യമായ ഒരുശ്രദ്ധയും കൊടുത്തില്ലെന്ന് കോൺഗ്രസിന്റെ കഠിനംകുളം മണ്ഡലം പ്രസിഡന്റ് ചാന്നാങ്കര ഗോപൻ കുറ്റപ്പെടുത്തി.

കടത്തുപാലം യാഥാർത്ഥ്യമായാൽ ചാന്നാങ്കര, കഠിനംകുളം, മര്യനാട് പ്രദേശത്തെ ജനങ്ങൾക്കും അതുപോലെ മംഗലപുരം മുരുക്കുംപുഴയിലുള്ളവർക്കുമാണ് ഏറെ പ്രയോജനം. കൂടാതെ ഭീമമായ യാത്രചെലവ് ഒഴിവാക്കിയും കൂടുതൽ ദൂരം ചുറ്റിക്കറങ്ങാതെയും മത്സ്യത്തൊഴിലാളികൾക്ക് എളുപ്പം എൻ.എച്ച്, എം.സി റോഡുകളിൽ മത്സ്യക്കച്ചവടത്തിന് എത്താനും കഴിയും. പാലം നിർമ്മിച്ച് നിസാര ടോൾ ഫീസ് ഏർപ്പെടുത്തിയാൽ പോലും യാത്രക്കാർക്ക് ലാഭം തന്നെയാണെന്നാണ് നാട്ടുകാരുടെ പക്ഷം. ഇതിനുപുറമെ പാലം വരുന്നോടെ കായലോര ടൂറിസത്തിനും ജീവൻ വയ്ക്കും.