തിരുവനന്തപുരം: ക്ലസ്റ്ററുകളിലടക്കം രോഗികൾ വർദ്ധിച്ചതോടെ മൂന്ന് ജില്ലകളിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ തുടങ്ങി. സർക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ കിംസ്, തൃശൂരിലെ ദയ, കണ്ണൂരിലെ ആസ്റ്റർ മിംസ് എന്നിവിടങ്ങളിലാണ് ചികിത്സ തുടങ്ങിയത്. മറ്റു ജില്ലകളിലെ കൂടുതൽ ആശുപത്രികൾ ഈ ആഴ്ചയോടെ സജ്ജമാകും. കൊവിഡ് രോഗികൾക്കായി കുറഞ്ഞത് 20 കിടക്കകൾ നീക്കിവയ്‌ക്കാനും മറ്റുള്ളവരുമായി ബന്ധപ്പെടാത്ത വിധം പാർപ്പിക്കാനും സൗകര്യമുള്ള ആശുപത്രികൾക്കാണ് കളക്ടർമാർ ചികിത്സയ്‌ക്ക് അനുമതി നൽകുന്നത്.
കൊവിഡ് ചികിത്സ ആരംഭിക്കണമെന്ന സർക്കാർ ആവശ്യം സ്വകാര്യ ആശുപത്രികൾ നേരത്തെ തള്ളിയിരുന്നു. കൊവിഡ് രോഗികളെ സർക്കാർ ആശുപത്രികളിൽ ചികിത്സിച്ച ശേഷം മറ്റുള്ളവരെ അയച്ചാൽ മതിയെന്നുമായിരുന്നു സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്. കിടക്ക തികയാത്ത സാഹചര്യത്തിൽ മാത്രം കൊവിഡ് ചികിത്സ ആരംഭിക്കാമെന്നായിരുന്നു മാനേജ്മെന്റുകളുടെ നിർദ്ദേശം. എന്നാൽ പലജില്ലകളിലും സർക്കാർ ആശുപത്രികളുടെ സൗകര്യം പരിമിതമായതിനാൽ സ്വകാര്യ മേഖലയിൽ ചികിത്സ തുടങ്ങണമെന്ന് സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
രണ്ട് തരം ചികിത്സാനിരക്ക്
സ്വകാര്യ ആശുപത്രികളിൽ രണ്ടുതരത്തിലുള്ള ചികിത്സാനിരക്കിനാണ് ധാരണയായിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്നവർക്ക് സർക്കാർ നിശ്ചയിച്ച ഫീസ് ഈടാക്കും. നേരിട്ടെത്തുന്നവർക്ക് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന നിരക്ക് ബാധകമാകും. ചികിത്സയ്‌ക്ക് ശേഷം സ്വകാര്യ ആശുപത്രികൾ ബില്ല് നൽകുന്നതനുസരിച്ച് സർക്കാർ പണം അനുവദിക്കും.
റഫർ ചെയ്യുന്നവർക്കുള്ള ദിവസ വാടക
ജനറൽ വാർഡ്- 2300 രൂപ
എച്ച്.ഡി യൂണിറ്റ്- 3300
ഐ.സി.യു- 6500
വെന്റിലേറ്റർ- 11,500
ചികിത്സാ സംവിധാനങ്ങൾ
സർക്കാർ ആശുപത്രികൾ- 1280
സ്വകാര്യ ആശുപത്രികൾ- 2650
കിടക്കകൾ
സർക്കാരിൽ- 38,004
സ്വകാര്യമേഖലയിൽ- 68,200
ഐ.സി.യു
സർക്കാരിൽ- 1900
സ്വകാര്യമേഖലയിൽ- 3200
വെന്റിലേറ്ററുകൾ
സർക്കാരിൽ- 950
സ്വകാര്യമേഖലയിൽ- 1800
'ഈ ആഴ്ചയോടെ എല്ലാ ജില്ലകളിലെ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്‌ക്ക് ഒരുങ്ങും. സർക്കാരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്".
- ഡോ. ജോസഫ് ബനവൻ, ജനറൽ സെക്രട്ടറി,
കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ