തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ സി.പി.എമ്മിന്റെ പ്രഖ്യാപിത പ്രത്യയശാസ്ത്ര നിലപാടുകളിൽ നിന്ന് വ്യതിചലിച്ച് ബഹുരാഷ്ട്ര കമ്പനികളുമായി ചേർന്നു നടത്തുന്ന അഴിമതികളിൽ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
ജാഗ്രതക്കുറവും വീഴ്ചയും വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടിയെടുക്കണം.
അഴിമതി, സ്വജനപക്ഷപാതം, ക്രിമനൽവൽക്കരണം എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളിൽപ്പെട്ട് ഉഴലുകയാണ് പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയന്റെ സർക്കാർ. പാർട്ടി കോൺഗ്രസുകളിലൂടെയും , പ്ലീനങ്ങളിലൂടെയും ദശാബ്ദങ്ങളായി സി.പി.എം രൂപപ്പെടുത്തിയ പ്രത്യയശാസ്ത്ര നിലപാടുകളിലും നയങ്ങളിലും നിന്നുള്ള വ്യതിചലനമാണിത്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പാർട്ടി നേതാക്കൾ അനുവർത്തിക്കേണ്ട പെരുമാറ്റ സംഹിതയും ലംഘിക്കപ്പെട്ടു.കേരളത്തെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കടത്ത് റാക്കറ്റിലെ പ്രധാനപ്രതികളുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് ബന്ധമുണ്ടായിട്ടും,. തന്റെ കീഴിലുള്ള വകുപ്പിൽ സംഭവിച്ചതിനെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ് കൈകഴുകാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് അപഹാസ്യമാണ്.
കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിൻക്ലർ എന്ന അമേരിക്കൻ കമ്പനിക്ക് മന്ത്രിസഭയെയോ നിയമ വകുപ്പിനെയോ അറിയിക്കാതെ മറിച്ച് നൽകാൻ നടത്തിയ ഇടപാടിന് പിന്നിലും ശിവശങ്കറാണ്. പ്രതിപക്ഷനേതാവെന്ന നിലയിൽ ദുരൂഹമായ ഇടപാട് വെളിച്ചത്തെത്തിച്ചത് താനാണ്. ഹൈക്കോടതി പിന്നീട് കമ്പനിക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി. ഗതാഗതമന്ത്രിയെ ഇരുട്ടിൽ നിറുത്തിയാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പറെന്ന അന്താരാഷ്ട്ര ഏജൻസിയെ ഇ-മൊബിലിറ്റി പദ്ധതിയിലെത്തിച്ചത്. കമ്പനിക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാനും നീക്കമുണ്ടായി. വിവാദമായ സ്പേസ് പാർക്ക് പ്രോജക്ടിന്റെ കൺസൾട്ടന്റായി ഇവരെ നിയമിച്ചതും ദൂരൂഹമാണ്.ഫണ്ടിംഗ് ഏജൻസികളുടെ താല്പര്യങ്ങൾക്ക് വഴങ്ങി അന്താരാഷ്ട്ര കൺസൾട്ടിംഗ് സ്ഥാപനങ്ങളെ കൊണ്ടു വരുന്നത് പാർട്ടിയുടെ നിലപാടുകളിൽ നിന്നുള്ള വ്യതിചലനമല്ലേ? ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐ മുഖ്യമന്ത്രിയുടെ നടപടികളിൽ വിയോജിപ്പറിയിച്ചു. കേരളത്തിലെ സി.പി.എമ്മിന് സംസ്ഥാനഭരണത്തിൽ നിയന്ത്രണമില്ല- കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി.