class-room

വർക്കല: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം സംസ്ഥാനത്തെ വിദ്യാലയങ്ങൾ താത്കാലികമായി അടയ്ക്കുകയും പഠനം ഓൺലൈനായി മാറുകയും ചെയ്തപ്പോൾ ആരും ശ്രദ്ധിക്കാനില്ലാതെ ബഡ്സ് സ്കൂളുകളിലെ കുട്ടികൾ. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഇവർക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും ആവശ്യമാണ്. ഇതിനായാണ് സംസ്ഥാനത്തുടനീളം ബഡ്സ് സ്കൂളുകൾ സ്ഥാപിച്ചതും എന്നാൽ കൊവിഡ് എല്ലാം തകിടം മറിക്കുകയായിരുന്നു. വിദ്യാലയങ്ങൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായ കുട്ടികളുടെ പഠനത്തിനായി എന്തുചെയ്തെന്ന ചോദ്യത്തിന് അധികൃതർക്കും ഉത്തരമില്ല. ഇതോടെ ബഡ്സ് സ്കൂളുകളെ ആശ്രയിച്ചിരുന്ന കുട്ടികളുടെ രക്ഷിതാക്കളും ആശങ്കയിലാണ്.

ഇതാണ് കുട്ടികളുടെ അവസ്ഥ

ഓട്ടിസം, സെറിബ്രൽ പാഴ്സി, ഡൗൺ സിൻഡ്രവുമടക്കം നിരവധി പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളാണ് ബഡ്സ് സ്കൂളുകളിൽ പഠിക്കുന്നത്. ഇവരുടെ പഠനവും പരിശീലനവും മുടങ്ങിയിട്ട് നാലുമാസം പിന്നിട്ടു. കുട്ടികളുടെ കുറവുകളിലേക്ക് ചൂഴ്ന്നിറങ്ങാതെ അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ബഡ്സ് സ്കൂളുകൾ പ്രധാനമായും ചെയ്യുന്നത്. ഓരോ കുട്ടിയുടെയും കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ് അവർക്കുവേണ്ട തരത്തിലുള്ള പഠന-പരിശീലന പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. ഇത്തരം പരിശീലനങ്ങളിലൂടെ കുട്ടികൾ കാര്യങ്ങൾ സ്വയം ചെയ്യുന്നതിനുള്ള കഴിവുകൾ ആർജിക്കുന്നതിനിടെയാണ് കൊവിഡ് തിരിച്ചടിയായത്.

..............................................

പൊതുവേ മറ്റുള്ളവരുമായി ഇടപഴകുന്നതിന് വിമുഖത കാണിക്കുന്ന ഇത്തരം കുട്ടികൾ വീട്ടിൽ അവരുടെ ലോകത്ത് തനിയെ കഴിയുകയാണ്. പരിശീലനത്തിലൂടെ ദൈനംദിനം ചെയ്യുന്ന ശീലങ്ങൾ വീട്ടിലായതോടെ മാറിത്തുടങ്ങി. ഇവർ വീണ്ടും ബഡ്സ് സ്കൂളുകളിൽ എത്തുമ്പോൾ എല്ലാം തുടക്കം മുതൽ പഠിപ്പിക്കേണ്ടി വരുമെന്ന ആശങ്കയുണ്ട്.

ഷീബ, അദ്ധ്യപിക ബഡ്സ് സ്കൂൾ വർക്കല തച്ചോട്

........................................

ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾക്ക് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്തിനും പരിശീലിപ്പിക്കുന്നതിനുമുളള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും വേണം. ബഡ്സ് സ്കൂളുകൾ പുനരാരംഭിക്കുന്നതുവരെ കുട്ടികളുടെ പരിശീലനം മുടങ്ങാതിരിക്കാൻ ഇതാണ് പോംവഴി.

കെ.ആർ ഗോപകുമാർ, ചെമ്മരുതി ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ

......................................

ബഡ്സ് സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും ഓൺലൈൻ സംവിധാനം എന്നിങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെ സംബന്ധിച്ചും വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തി പരിഹാരം കാണും

അഡ്വ.വി. ജോയി, എംഎൽ.എ