വിതുര. കൊവിഡ് വ്യാപനത്തെ തുടർന്ന് ബലിമണ്ഡപങ്ങളിൽ പിതൃതർപ്പണം നടക്കാത്തതുമൂലം വീട്ടുമുറ്റങ്ങളിൽ ബലിത്തറ ഒരുക്കി ആയിരങ്ങൾ പിതൃതർപ്പണം നടത്തി. ക്ഷേത്ര മേൽശാന്തി മാരുടെ നിർദേശങ്ങൾ അനുസരിച്ച് ആചാരപൂർവമാണ് ബലിയിടൽ ചടങ്ങ് നടന്നത്. കർക്കടക വാവ് പ്രമാണിച്ചു കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടത്തി. അതേ സമയം സർക്കാരിന്റെ നിർദേശങ്ങൾ മറികടന്നു വാമനപുരം നദിയിൽ ബലിതർപ്പണം നടത്താൻ എത്തിയ നൂറ് കണക്കിനുപേരെ പൊലീസ് മടക്കി അയച്ചു. സ്ഥിരമായി ബലിതർപ്പണചടങ്ങുകൾ നടക്കുന്ന വാമനപുരം നദിയിലെ താവയ്ക്കൽ, ഇറച്ചിപ്പാറകടവുകളിലും ചേന്നൻപാറയിലുമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ബലിയിടാൻ നിരവധി പേർ എത്തിയത്. വാമനപുരം നദീ തീരങ്ങളിൽ പതിനായിരങ്ങളാ ണ് സാധാരണ ബലിയിടാൻ എത്താറുള്ളത്. ഇത് മുൻനിർത്തി വിതുര സി. ഐ. എസ്. ശ്രീജിത്ത്, എസ്. ഐ. വി. എൽ. സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാകടവുകളിലും പരിശോധന നടത്തി.