തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദം ഇടതുമുന്നണിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരിക്കെ, നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം മുന്നണി യോഗം 28ന് രാവിലെ 11ന് എ.കെ.ജി സെന്ററിൽ ചേരും. കൊവിഡ് വ്യാപനത്തിന് ശേഷം മുന്നണി യോഗം ചേർന്നിട്ടില്ല.
കൊവിഡ് വ്യാപനം ആദ്യഘട്ടത്തിൽ ഫലപ്രദമായി തടഞ്ഞുനിറുത്താനായത് സർക്കാരിനുണ്ടാക്കിക്കൊടുത്ത പ്രതിച്ഛായക്ക് സ്വർണ്ണക്കടത്ത് വിവാദം ഇടിവുണ്ടാക്കിയെന്ന സന്ദേഹം മുന്നണി ഘടകകക്ഷികൾക്കുണ്ട്. . കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നടത്തിയ കൂടിക്കാഴ്ചയിൽ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ചർച്ചയായതായാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുന്നണി യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ഉചിതമാകുമെന്ന വിലയിരുത്തലാണുണ്ടായത്.
സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ഉന്നതോദ്യോഗസ്ഥന്റെ വീഴ്ച വിനയായെങ്കിലും , മുഖ്യമന്ത്രി കൈക്കൊണ്ട തുടർ നടപടികളിലൂടെ അത് ഏറെക്കുറെ മറികടക്കാനായെന്ന് സി.പി.എം വിലയിരുത്തുന്നു. സി.പി.ഐയും ഇതിൽ തൃപ്തരാണെങ്കിലും, ജാഗ്രതക്കുറവ് പാടില്ലായിരുന്നുവെന്ന അഭിപ്രായം അവർക്കുണ്ട്. കൺസൾട്ടൻസി, കരാർ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾ മുന്നണിയോഗത്തിൽ ചർച്ച ചെയ്ത് വ്യക്തത വരുത്തണമെന്ന അഭിപ്രായവുമുണ്ട്.
കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിൽ കൂടിവരുന്നത് ആശങ്കാജനകമാണെന്നാണ് വിലയിരുത്തൽ.
മുന്നണിയെന്ന നിലയിൽ ഈ ഘട്ടത്തിൽ ഒറ്റക്കെട്ടായി നിന്ന് സർക്കാരിന് പിന്തുണ നൽകേണ്ടതുണ്ട്.
പത്ത് ഘടകകക്ഷികളാണ് മുന്നണിയിൽ. ഓരോ പാർട്ടിയിലെയും രണ്ടോ, മൂന്നോ പേരാണ് യോഗത്തിൽ പങ്കെടുക്കാറ്.കൊവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ . ഘടകകക്ഷികളുടെ ഓരോ പ്രതിനിധി വീതം പങ്കെടുക്കുകയാണോ, യോഗം വീഡിയോ കോൺഫറൻസ് വഴിയാക്കുകയാണോ വേണ്ടതെന്ന് ഉടൻ
തീരുമാനിക്കും.