തിരുവനന്തപുരം:കൊവിഡ് ബാധിച്ചാലും ഇല്ലെങ്കിലും നമ്മൾ സഞ്ചരിക്കുന്ന വഴികളും സ്ഥലങ്ങളും സമയകൃത്യതയോടെ ഓർത്തിരിക്കുന്നത് വലിയൊരു പ്രതിരോധ പ്രവർത്തനമാണ്. ഇതിന്റെ അഭാവം കൊണ്ടാണ് പലരും ഉറവിടം അറിയാത്ത രോഗികളായി മാറുന്നത്.
ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിലെ നാല് വിദ്യാർത്ഥികൾ. മൊബൈൽ ഫോണിൽ യാത്രാ വിവരങ്ങൾ രേഖപ്പെടുത്താം.
ഉദ്ദേശ്യം എന്താണാേ അതുതന്നെ മൊബൈൽ ആപ്പിന് പേരാക്കി. ബ്രേക്ക് ദ ചെയിൻ ഡയറി. പത്തു ദിവസത്തിനുള്ളിൽ പ്ളേസ്റ്റോറിൽ നിന്ന് അയ്യായിരം പേർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.
ഒന്നാം വർഷ ഐ.ടി വിദ്യാർത്ഥികളായ സി.എ.എം ഗോകുൽ, എ.ദേവാനന്ദ് , കെ.അഖിൽജിത്ത്, ഷൈനോ സജിമോൻ എന്നിവരാണ് ആപ്പിന്റെ നിർമാതാക്കൾ.
സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ ചേർത്ത് റൂട്ട് മാപ്പ് തയ്യാറാക്കാം. എവിടെയൊക്കെ പോയെന്ന് രേഖപ്പെടുത്താം.ഫോണിലെ ജി.പി.എസ് സംവിധാനം വഴി ഓട്ടോമാറ്റിക്കായും ലൊക്കേഷനുകൾ ഫോണിൽ സ്റ്റോറാകും. ഓഫ്‌ലൈനായി വിവരങ്ങൾ രേഖപ്പെടുത്താനും സൗകര്യമുണ്ട്. മലയാളത്തിലും വിവരങ്ങൾ രേഖപ്പെടുത്താം.
ഫോൺ വിവരങ്ങൾ ഒരിക്കലും മറ്റാർക്കും ലഭിക്കില്ല. കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിൽ നമ്മളുണ്ടോയെന്നറിയാൻ ഡേറ്റ് ഫിൽറ്റർ എന്ന ഓപ്ഷനുണ്ട്. ആപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്ന വീഡിയോയും ആപ്പിനൊപ്പം ഡൗൺലോഡ് ചെയ്തെടുക്കാം.
കഴിഞ്ഞ ദിവസം ഇവരെ അഭിനന്ദിച്ച് ശശി തരൂർ എം.പി ട്വീറ്റ് ചെയ്തിരുന്നു.കൂടുതൽ ഓപ്ഷനുകൾ ആപ്പിൽ വരുത്താനുള്ള ശ്രമത്തിലാണ് ഈ കൂട്ടുകാർ.