തിരുവനന്തപുരം: കർക്കടക വാവുബലിയിൽ മോക്ഷം തേടിയെത്തിയ പിതൃക്കളെ വീട്ടുമുറ്റങ്ങളിൽ അന്നമൂട്ടി ബന്ധുക്കളുടെ ശ്രദ്ധാഞ്ജലി. ഓൺലൈനിലെ മന്ത്രോച്ചാരണം കേട്ടും പത്രത്താളിൽ നിന്ന് മുറിച്ചുവച്ച ലേഖനം മുന്നിൽ വച്ച് വായിച്ചുമാണ് പലരും മുറ്റങ്ങളിൽ പിതൃക്കൾക്കായി ബലിയിട്ടത്. കൊവിഡ് വ്യാപനം കാരണം പുണ്യതീർത്ഥക്കരകളിലും ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ബലിതർപ്പണം വിലക്കിയോടെയാണ് വിശ്വാസികൾ വീട്ടുമുറ്റങ്ങളിൽ പതൃക്കൾക്കായി പിണ്ഡം സമർപ്പിച്ചത്. എ​ള്ള്,​​​ ​പൂ​വ്,​​​ ​ച​ന്ദ​നം,​​​ ​ദ​ർ​ഭ,​​​ ​വി​ള​ക്ക്,​​​ ​കി​ണ്ടി,​​​ ​വാ​ഴ​യി​ല,​​​ ​ചോ​റ്,​​​ ​നെ​യ്യ്,​​​ ​പ​ഴം എന്നിവയൊരുക്കിയും നി​ല​വി​ള​ക്ക് ​തി​രി​ ​കി​ഴ​ക്കോ​ട്ടും​ ​പടിഞ്ഞാറോട്ടു​മിട്ട് ​ക​ത്തി​ച്ചുമായിരുന്നു ചടങ്ങുകൾ.

 തെറ്റിയ പതിവുകൾ

പതിവു തെറ്റിയതോടെ വീടുകളിൽ ബലിയിടാൻ ചിലർ മടിച്ചു. പുലർച്ചയ്‌ക്ക് സമീപത്തെ ക്ഷേത്രക്കടവുകളിൽ എത്തിവരുമുണ്ട്. ചിലർ ചടങ്ങ് പെട്ടെന്ന് നടത്തി മടങ്ങി. ചിലയിടങ്ങളിൽ പൊലീസെത്തി ബലിയിടാനെത്തിയവരെ മടക്കി അയച്ചു. ചിലയിടത്ത് ആറ്റിൻകരയിൽ രണ്ട് മീറ്റർ വ്യത്യാസത്തിൽ ബലിയിടുന്നതിനായി വൃത്തം വരച്ച് ഒരുക്കങ്ങൾ നടത്തിയിരുന്നു. പക്ഷേ പൊലീസെത്തി വിലക്കി. വീടുകളിൽ ബലിയിട്ടവർ നേരത്തെ ലഭിച്ച നിർദ്ദേശപ്രകാരം തർപ്പണം നടത്തി. കുടുംബാംഗങ്ങൾക്കൊപ്പം ബലിയിട്ട ചിലർ പരികർമ്മിയുടെ സഹായവും തേടി. ലോക്ക് ഡൗൺ കാരണം അംഗങ്ങലെല്ലാം വീട്ടിണ്ടായിരുന്നതിനാൽ എല്ലാവരും ഒന്നിച്ചിരുന്ന് വാവുബലി സദ്യ കഴിച്ചു.

 ചടങ്ങുകൾക്ക് മാറ്റം

ബലിതർപ്പണത്തിന് പ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ കൂട്ടനമസ്‌കാരം എന്ന ചടങ്ങാണ് ഇക്കുറി നടത്തിയത്. തിടപ്പള്ളിയിൽ തയ്യാറാക്കിയ വഴിപാട് പിണ്ഡമായി സമർപ്പിച്ചു. പിന്നീട്‌ ക്ഷേത്രത്തിന് മുന്നിലെ ബലിത്തറകളിൽ കാക്കകൾക്ക് പിണ്ഡം നൽകി. ലോക്ക് ഡൗണിനെ തുടർന്ന് വർക്കല പാപനാശം കടപ്പുറം വിജനമായിരുന്നു. ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ബുക്ക് ചെയ്തവർക്ക് പിതൃപൂജയും തിലഹോമവും നടത്തി. ശിവഗിരി, അരുവിപ്പുറം മഠങ്ങളിൽ യൂ ട്യൂബ് ചാനലിലൂടെയാണ് ബലിതർപ്പണം നടന്നത്. തർപ്പണത്തിനുള്ള ഒരുക്കങ്ങൾ മുതൽ കർമ്മങ്ങൾ വരെ ചാനലിലൂടെ അറിയിച്ചിരുന്നു. ശിവഗിരി മഠം തന്ത്രി ശ്രീനാരായണപ്രസാദ് കാർമികത്വം വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും സ്വകാര്യക്ഷേത്രങ്ങളിലും ബലിതർപ്പണം നടത്തിയില്ല. നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര, ചിറയിൻകീഴ് താലൂക്കുകളിൽ പതിവുള്ള ബലിതർപ്പണകേന്ദ്രങ്ങളെല്ലാം വിജനമായിരുന്നു. ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസിന്റെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തിൽ പ്രത്യേക പരിശോധനയും ഇവിടങ്ങളിൽ ഉണ്ടായിരുന്നു. കന്യാകുമാരിയിലെ സാഗരസംഗമ തീരം ആളൊഴിഞ്ഞ നിലയിലായിരുന്നു. കുഴിത്തുറ താമ്രപർണിക്കരയിൽ ആറുപതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള വാവുബലി പ്രദർശനവും മുടങ്ങി. താമ്രപർണി നദിയിലെ തർപ്പണത്തിനും വിലക്കുണ്ടായിരുന്നു.