arun-balachandran

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി നടപ്പാക്കിയ ഡ്രീം കേരള (സ്വപ്ന കേരളം) പദ്ധതിയുടെ നിർവഹണ സമിതിയിൽ നിന്ന് സ്വർണക്കടത്ത് വിവാദത്തിൽ കുരുക്കിലായ അരുൺ ബാലചന്ദ്രനെ പുറത്താക്കി. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന പരിഗണനയിൽ ഡ്രീം കേരള പദ്ധതിയുടെ നിർവഹണസമിതിയിൽ ഉൾപ്പെട്ടതായിരുന്നു അരുൺ ബാലചന്ദ്രൻ എന്നാണ് സർക്കാർ വിശദീകരണം. ഐ.ടി ഫെലോ സ്ഥാനത്ത് നിന്ന് അരുണിനെ ഒഴിവാക്കിയ സാഹചര്യത്തിൽ ഡ്രീം കേരളയുടെ എക്സിക്യൂഷൻ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുകയാണെന്നാണ് ഉത്തരവിൽ.

സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ നേരത്തേ ഓഫീസിൽ നിന്നൊഴിവാക്കുകയും പിന്നീട് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ശിവശങ്കറിന്റെ അടുപ്പക്കാരനെന്ന നിലയിൽ അരുൺ ബാലചന്ദ്രനും വിവാദങ്ങളിൽ കുടുങ്ങിയതോടെ അദ്ദേഹത്തെയും ഐ.ടി ഫെലോ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ, നോർക്ക വകുപ്പ് നടപ്പാക്കുന്ന ഡ്രീം കേരള പദ്ധതിയുടെ നിർവ്വഹണസമിതിയിൽ നിന്ന് അരുൺ ബാലചന്ദ്രനെ ഒഴിവാക്കിയിരുന്നില്ല. ഇക്കാര്യം മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ അരുണിനെ അടിയന്തരമായി ഒഴിവാക്കാൻ മുഖ്യമന്ത്രി തന്നെ നിർദ്ദേശിക്കുകയായിരുന്നു.

മുഖ്യമന്ത്രി അദ്ധ്യക്ഷനായ സ്റ്റിയറിംഗ് കമ്മിറ്റിക്കും ഡോ.കെ.എം. എബ്രഹാം അദ്ധ്യക്ഷനായ വിദഗ്ദ്ധസമിതിക്കും പുറമേയാണ് ഡ്രീം കേരളയ്ക്കായി പ്രത്യേക നിർവഹണ സമിതി രൂപീകരിച്ചത്.