mullapally

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത് കേരള പൊലീസാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

സ്വർണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നാ സുരേഷ് എയർ ഇന്ത്യ ഓഫീസർക്കെതിരെ വ്യാജരേഖ ചമച്ച് പീഡനത്തിന് പരാതി നൽകിയതും അതിന് ഗൂഢാലോചന നടത്തിയതുമായ കേസ് അട്ടിമറിക്കാനാണ് ആദ്യം പൊലീസ് ശ്രമിച്ചത്. പ്രാഥമികാന്വേഷണത്തിൽ സ്വപ്നയുടെ പങ്ക് പൊലീസിന് ബോദ്ധ്യമായിട്ടും ഉന്നതരുടെ സമ്മർദ്ദത്തെ തുടർന്ന് ഇവരെ തൊടാൻ കേരള പൊലീസ് തുനിഞ്ഞില്ല. സ്വർണക്കടത്ത് കേസിൽ പ്രതിക്കെതിരായ തെളിവുകളുണ്ടായതോടെ ഗത്യന്തരമില്ലാതെയാണ് നാല് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ കേസെടുത്തത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഡി.ജി.പി നേരിട്ട് യു.എ.ഇ കോൺസുലേറ്റ് ജനറലിന് ഗൺമാനെ അനുവദിച്ചത് അധികാര ദുർവിനിയോഗമാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സമാന കുറ്റത്തിനാണ് സസ്പെൻഡ് ചെയ്തത് എന്നതിനാൽ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ഡി.ജി.പിയെയും സസ്പെൻഡ് ചെയ്യണം. ഡി.ജി.പിയുടെ പങ്ക് എൻ.ഐ.എ പ്രത്യേകം അന്വേഷിക്കണം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കെ യു.എ.ഇ അറ്റാഷെ പൊടുന്നനെ അപ്രത്യക്ഷമായത് സംശയാസ്പദമാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും പൊലീസിലെ ഉന്നതരുമൊക്കെയായി അടുത്ത ബന്ധമുള്ള വ്യവസായിയുടെ പേര് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുണ്ട്. ഡി.ജി.പിയുമായി ഈ വ്യവസായിക്ക് ഉറ്റ ബന്ധമുണ്ടെന്ന് വരുമ്പോൾ നീതിബോധമുള്ള കേരളത്തിലെ ജനങ്ങൾ ഞെട്ടിത്തരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.