വെഞ്ഞാറമൂട് : നെല്ലനാട് പഞ്ചായത്തിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ ആറ് പേർക്ക് ഉറവിടം അറിയാത്ത കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പ്രദേശം ആശങ്കയിൽ. പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ് ജില്ലാഭരണകൂടത്തിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട കെ. എസ്.ആർ.ടി.സി ഡിപ്പോ താത്കാലികമായി അടച്ചു. എന്നാൽ തൊട്ടടുത്ത വാർഡിൽ സ്ഥിതി ചെയ്യുന്ന മദ്യ വില്പനശാല അടയ്ക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. കർക്കടകവാവ് ദിവസമായ ഇന്നലെയും മദ്യശാലയിൽ തിരക്ക് കൂടുതലായിരുന്നു. പല ഭാഗത്തുള്ള ആളുകൾ മദ്യ വാങ്ങാനായി ഇവിടെ എത്താറുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മദ്യശാലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസ് ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. വെഞ്ഞാറമൂട് ടൗൺ, കിഴക്കേ റോഡ്, മണലിമുക്ക്, ആലന്തറ, തെെക്കാട്, മുക്കുന്നൂർ, വെഞ്ഞാറമൂട് വരെയുള്ള വ്യാപാരശാലകൾ അടുത്ത അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ തഹസീൽദാർ ഉത്തരവിട്ടു. ജനങ്ങൾ അത്യവശത്തിന് മാത്രമേ പുറത്തിറങ്ങാവൂയെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ് അറിയിച്ചു.