gold

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീടുകളും ഫ്ലാറ്രുകളും വാടകയ്ക്കെടുത്തത് സ്വർണം സൂക്ഷിക്കാനും കൈമാറാനുമായിരുന്നെന്ന് എൻ.ഐ.എയോട് സ്വപ്നയും സന്ദീപും സമ്മതിച്ചു. മൂന്ന് ഫ്ലാറ്റുകളും മൂന്ന് വീടുകളുമാണ് ഇരുവരും ചേർന്ന് ഒരു വർഷത്തിനിടെ വാടകയ്ക്കെടുത്തത്. ഇവിടെയെല്ലാം സ്വർണം എത്തിക്കുകയും കൈമാറുകയും ചെയ്തു. കഴിഞ്ഞദിവസം ഇരുവരെയും എല്ലായിടത്തുമെത്തിച്ച് എൻ.ഐ.എ തെളിവെടുത്തിരുന്നു. ഇതു കൂടാതെ സന്ദീപിന്റെ കുറവൻകോണത്തെ ബ്യൂട്ടിപാർലറിലും നെടുമങ്ങാട്ടെ വർക്ക്ഷോപ്പിലും സ്വർണ ഇടപാടുകൾ നടത്തിയിരുന്നു.

ഫെബ്രുവരി മുതൽ ജൂലായ് വരെ രണ്ട് വീടും രണ്ട് ഫ്ളാ​റ്റും സ്വപ്ന വാടകയ്ക്കെടുത്തു. ആൽത്തറയിലും പി.ടി.പി നഗറിലുമാണ് വീടുകൾ. അമ്പലമുക്കിലും സെക്രട്ടേറിയ​റ്റിനു സമീപത്തും ഫ്ലാറ്റുകളും. ഇതിനു മുൻപ് വാടകയ്ക്കെടുത്ത മരുതംകുഴിയിലെ വീട്ടിലും ഇടപാടുകൾ നടന്നു. കേശവദാസപുരത്തെ ഫ്ലാറ്റ് സന്ദീപാണ് വാടകയ്ക്കെടുത്തത്.

അറ്റാഷെയുടെ പേരിലുള്ള ബാഗിന് വിമാനത്താവളത്തിൽ എളുപ്പത്തിൽ ക്ലിയറൻസ് കിട്ടാൻ കോൺസൽ ജനറലിന്റെ കത്ത് കുറവൻകോണത്തെ സ്റ്റുഡിയോയിൽ വ്യാജമായി തയ്യാറാക്കിയെന്നാണ് വിവരം. കോൺസുലേ​റ്റിലെ വാഹനത്തിലെത്തിയായിരുന്നു സരിത്ത് ബാഗ് ശേഖരിച്ചിരുന്നത്. ഉദ്യോഗസ്ഥരെ കബളിപ്പിച്ചോ ഡ്രൈവ‌ർമാരെ വശത്താക്കിയോ സ്വപ്നയാണ് വാഹനം എത്തിച്ചിരുന്നത്.

കടത്ത് രീതി

* ബാഗ് വീടുകളിലും ഫ്ലാറ്റുകളിലും വച്ച് തുറന്ന് സ്വർണം വേർതിരിച്ച ശേഷം കോൺസുലേറ്റിലേക്കുള്ള ഭക്ഷ്യവസ്തുക്കളും മറ്റും വേറെ ബാഗിലാക്കി അവിടെയെത്തിക്കും

* യഥാർത്ഥ ബാഗുമായി സ്വപ്ന കോൺസുലേ​റ്റിലേക്ക് പോകുമ്പോൾ സ്വർണമുള്ള ബാഗുമായി സരിത്ത് സ്വന്തം കാറിൽ സന്ദീപിന്റെ അടുത്തെത്തും

* സന്ദീപിൽ നിന്ന് റമീസ് വഴിയാണ് പണം മുടക്കിയവർക്ക് സ്വർണം എത്തിച്ചിരുന്നത്. ഈ കണ്ണിയിലെ 15ലേറെപേർ ഇതുവരെ പിടിയിലായിട്ടുണ്ട്