തിരുവനന്തപുരം: 'സക്കാത്ത്" എന്നത് സംഭാവനയോ സമ്മാനമോ അല്ലെന്നും, ജീവിതത്തിലിന്നുവരെ വിദേശ സംഭാവനയോ നയതന്ത്ര പ്രതിനിധികളുടെ സമ്മാനമോ കൈപ്പറ്റിയിട്ടില്ലെന്നും കാണിച്ച് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് മന്ത്രി കെ.ടി. ജലീലിന്റെ തുറന്ന കത്ത്. ജലീൽ വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് പ്രധാനമന്ത്രിക്ക് ബെന്നി ബെഹനാൻ കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് ജലീലിന്റെ വിശദീകരണം.
റംസാൻ മാസത്തിൽ മുൻവർഷങ്ങളിലെ പോലെ യു.എ.ഇ കോൺസുലേറ്റ് അർഹരായ പാവപ്പെട്ട കുടുംബങ്ങൾക്ക് ജാതി, മത, കക്ഷിരാഷ്ട്രീയ ഭേദമെന്യേ നൽകിയ പുണ്യത്തെയാണ് വിദേശഫണ്ടിന്റെ വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും വിശേഷിപ്പിച്ചത്.
താനാവശ്യപ്പെട്ടിട്ടല്ല കോൺസുലേറ്റ് റംസാൻ ഭക്ഷണക്കിറ്റുകൾ നൽകിയത്. മേയ് 27ന് കോൺസൽ ജനറൽ തനിക്കിങ്ങോട്ട് വാട്സ്ആപ് സന്ദേശമയച്ചതാണ്. ജീവിതത്തിലിന്നുവരെ അനർഹമായതെന്തെങ്കിലും കൈപ്പറ്റിയെന്ന് തന്നെപ്പറ്റി പറയുന്ന ഒരാളെ കാട്ടിത്തന്നാൽ ആ നിമിഷം മുതൽ ബെന്നി ബെഹനാൻ പറയുന്നത് കേൾക്കുമെന്നും ജലീൽ കത്തിൽ പറഞ്ഞു.