തിരുവനന്തപുരം: യു.എ.ഇ നയതന്ത്ര പ്രതിനിധിയുടെ പേരിൽ ദുബായിൽ നിന്നെത്തിയ ബാഗുകൾ ഏറ്റുവാങ്ങാൻ സരിത്തിനൊപ്പം വിമാനത്താവളത്തിലേക്ക് പലതവണ പോയിട്ടുണ്ടെന്ന് കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷ് എൻ.ഐ.എയോട് പറഞ്ഞു. സ്വകാര്യാശുപത്രിയിലെത്തിയാണ് ചോദ്യം ചെയ്തത്.
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ബാഗുകളിൽ സ്വർണമാണെന്ന് അറിയാമായിരുന്നില്ലെന്നും ജയഘോഷ് ആവർത്തിച്ചു. കസ്റ്റംസിനും സമാനമായ മൊഴിയാണ് നൽകിയത്. ഇത് പൂർണമായും വിശ്വസിക്കാൻ അന്വേഷണ ഏജൻസികൾ തയ്യാറല്ല. ജയഘോഷിലേക്കും അന്വേഷണം നീളും.
സരിത്ത് പിടിയിലാവുകയും സ്വർണക്കടത്ത് വാർത്തകൾ പുറത്തുവരികയും ചെയ്തപ്പോഴാണ് ബാഗിൽ സ്വർണമാണെന്ന് അറിഞ്ഞത്. വാർത്തകൾ കണ്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനാണ് താൻ സ്വപ്നയെ വിളിച്ചതെന്നും ജയഘോഷ് പറഞ്ഞു. ജയഘോഷിന്റെ മൊഴിയും ഫോൺകാൾ രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും വ്യക്തത വരുത്താൻ ഇനിയും ചോദ്യംചെയ്യുമെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു. കൈ ഞരമ്പ് മുറിച്ചള്ള ഇയാളുടെ ആത്മഹത്യാശ്രമം നാടകമായിരുന്നെന്നാണ് അന്വേഷണസംഘം പറയുന്നത്.