വർക്കല: കഴിഞ്ഞ വർഷം വരെ കർക്കടകവാവിന് ജനലക്ഷങ്ങൾ പിതൃതർപ്പണത്തിനെത്തിയിരുന്ന പാപനാശം തീർത്ഥഘട്ടം ഇന്നലെ വിജനമായിരുന്നു. മന്ത്റങ്ങളാൽ മുഖരിതമാകേണ്ടിയിരുന്ന തീരത്ത് ആർത്തലയ്‌ക്കുന്ന തിരമാലകളുടെ ശബ്ദം മാത്രമാണുണ്ടായിരുന്നത്. ആദ്യമായാണ് പാപനാശത്ത് കർക്കടക വാവ് ദിനത്തിൽ ഭക്തജനങ്ങളും തന്ത്റിസമൂഹവും ഇല്ലാതിരുന്നത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണാക്കിയ വർക്കല നഗരസഭയിലെ അഞ്ച് തീരദേശ വാർഡുകളിൽ പാപനാശവുമുണ്ട്. പാപനാശം തീർത്ഥഘട്ടം പൊലീസിന്റെ കർശനമായ കാവലിലായിരുന്നു. ചിതാഭസ്മ നിമജ്ഞനത്തിനെത്തിയ ഏതാനും പേർക്ക് നിയന്ത്റണങ്ങളോടെ സൗകര്യം ഒരുക്കിക്കൊടുത്തു. മറ്റാരെയും തീരത്തേക്ക് കടത്തിവിട്ടില്ല. ചിതാഭസ്മകലശമേന്തിയ ആളെയടക്കം രണ്ട്പേരെ മാത്രമാണ് തീരത്തേക്ക് വിട്ടത്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ഓൺലൈൻവഴി മൂവായിരത്തോളം തിലഹവന വഴിപാടുകളും, ബുക്കുചെയ്തിരുന്ന രണ്ടായിരത്തോളം വഴിപാടുകളും നടന്നു. ശിവഗിരിമഠത്തിൽ ബലികർമ്മങ്ങൾക്കായി ഓൺലൈൻ സൗകര്യം ഒരുക്കിയിരുന്നു. ശിവഗിരിമഠത്തിന്റെ ഔദ്യോഗിക ഓൺലൈൻ ചാനലായ ശിവഗിരി ടിവിയിലൂടെ സന്യാസി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ ശിവഗിരിമഠം തന്ത്റി നൽകിയ നിർദ്ദേശപ്രകാരം ഭക്തർ വീടുകളിൽ ബലിയിട്ടു.
കണ്ടെയിൻമെന്റ് സോണുകളല്ലാത്ത വാർഡുകളും മൈതാനം ടൗണും തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നില്ല. പ്രധാന റോഡുകളിലും തിരക്ക് കുറവായിരുന്നു. ഇടവ, വെട്ടൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗണിലാണ്. എല്ലായിടത്തും സർക്കാരിന്റെയും പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശങ്ങൾ ഏറ്റെടുത്ത് ജനങ്ങളും ജാഗ്രതയിലാണ്.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി വർക്കലയിൽ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവ സ്വദേശി (44), ഊന്നിൻമൂട് സ്വദേശി (26), ചിലക്കൂർ സ്വദേശി (30) എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. അയിരൂർ സ്വദേശി (51) യു.എ.ഇയിൽ നിന്നാണെത്തിയത്.