gold

കാസർകോട്: കാറിൽ കടത്തുകയായിരുന്ന 15.5 കിലോ സ്വർണ്ണം കാസർകോട് കസ്റ്റംസ് അധികൃതർ പിടികൂടിയ സംഭവത്തിൽ എങ്ങുമെത്താതെ തുടരന്വേഷണം. കഴിഞ്ഞ ഫെബ്രുവരി നാലിന് കാറിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ ബേക്കൽ പള്ളിക്കര ടോൾബൂത്തിന് സമീപത്ത് വച്ചാണ് 6.2കോടിയുടെ സ്വർണം പിടികൂടിയത്.
സ്വർണ്ണക്കടത്തിന് പിന്നിൽ തലശേരി, കോഴിക്കോട്, സാംഗ്ലി എന്നിവിടങ്ങളിലെ വമ്പന്മാരാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും തുടർ അന്വേഷണം മുമ്പോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. കൂടുതൽ പ്രമുഖർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇതു തെളിയിക്കാനുള്ള രേഖകളൊന്നും കസ്റ്റംസിന് കിട്ടിയിരുന്നില്ല.

അതേസമയം സ്വർണക്കടത്തിൽ കാസർകോട് ഭാഗത്തുള്ളവർക്ക് നേരിട്ട് ലിങ്ക് ഉള്ളതായി കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. കാസർകോട്ടെ പ്രമുഖർക്ക് വേണ്ടിയാണ് തലശ്ശേരിയിൽ നിന്ന് സ്വർണ്ണം കൊണ്ടുവന്നതെന്ന് ആ സമയം പ്രചാരണം ഉണ്ടായിരുന്നു. കൊവിഡ് ഭീതി ഒഴിഞ്ഞതിനു ശേഷം തുടരന്വേഷണം പൂർത്തിയാക്കാമെന്ന വിശ്വാസത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുള്ളത്.

പ്രതികൾ ജാമ്യത്തിൽ

സ്വർണക്കടത്തിൽ പിടികൂടിയ കാരിയർമാരായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ രണ്ട് യുവാക്കൾക്ക് 14 ദിവസത്തെ റിമാൻഡ് തടവിന് ശേഷം കാസർകോട് കോടതി ജാമ്യം നൽകിയിരുന്നു. മഹാരാഷ്ട്ര കസ്റ്റംസിന്റെ സഹായത്തോടെ കള്ളക്കടത്ത് സ്വർണ്ണം എത്തിക്കുന്നവരുടെ കേന്ദ്രമായ സാംഗ്ലിയിലെ ഉറവിടം കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാൽ അവിടത്തെ കൊവിഡ് ഭീകരാവസ്ഥ കാരണം റിസ്‌ക് ഏറ്റെടുക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. കൊവിഡ് ക്വാറന്റൈനിൽ കഴിയേണ്ടുന്ന പ്രശ്നം കാരണം പ്രതികളെ കാസർകോട്ടേക്ക് വിളിപ്പിച്ചു മൊഴിയെടുക്കാനോ അങ്ങോട്ട് പോയി വിവരങ്ങൾ ശേഖരിക്കാനോ കഴിഞ്ഞതുമില്ല. ബോസുമാർ തിരശീലയ്ക്ക് മറവിൽ ഉള്ളതിനാൽ പ്രതികളുടെ ആദ്യമൊഴി കസ്റ്റംസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

സ്വ‌ർണം കടത്തിയത് കാറിൽ

രഹസ്യഅറകളിലാക്കി

1988 ന് ശേഷം കണ്ണൂർ കസ്റ്റംസ് ഡിവിഷനു കീഴിൽ നടന്ന ഏറ്റവും വലിയ സ്വർണ്ണവേട്ടയാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സൂപ്രണ്ടുമാരായ പി.പി. രാജീവ്, പി കെ ഹരിദാസൻ, പി. പ്രദീപ് കുമാർ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബേക്കൽ പള്ളിക്കര ടോൾ ബൂത്തിന് സമീപം വച്ച് സ്വർണം കടത്തിയ കാറിന് കുറുകെ വാഹനമിട്ടാണ് സംഘത്തെ പിടികൂടിയത്.

മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ക്രറ്റ കാറിൽ മൂന്ന് രഹസ്യ അറകളാണ് ഉണ്ടാക്കി ബിസ്‌ക്കറ്റ് രൂപത്തിലാക്കിയായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്. രാത്രി തന്നെ വാഹനവും പ്രതികളെയും കാസർകോട് കസ്റ്റംസ് ഓഫീസിലെത്തിച്ച് കാർ പൊളിച്ചു പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്.