uae-consulate

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന് എക്സ് കാറ്റഗറി സുരക്ഷ നൽകിയത് സംസ്ഥാന ആഭ്യന്തര സുരക്ഷാ സമിതിയുടെ ശുപാർശപ്രകാരമെന്ന് പൊലീസ്. ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ ഐ.ബി ഉദ്യോഗസ്ഥരും സംസ്ഥാന ഇന്റലിജൻസ് ഉദ്യോഗസ്ഥരുമുണ്ട്.

ജില്ലാ കളക്ടർമാ‌ർക്കും ചീഫ് ഇലക്ട്രൽ ഓഫീസർക്കുമൊപ്പം കോൺസൽ ജനറലിനും എക്സ് കാറ്റഗറി സുരക്ഷ നൽകാൻ 2017ലായിരുന്നു ശുപാർശ. ഇതോടൊപ്പം അഡ്വക്കേറ്റ് ജനറലിനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും എൻ.ഐ.എ പ്രോസിക്യൂട്ടർക്കും എക്സ് കാറ്റഗറി സുരക്ഷയ്ക്ക് ശുപാ‌ർശയുണ്ടായിരുന്നു. ഇതുപ്രകാരമാണ് 2017 ജൂൺ 27ന് ജയഘോഷിനെ കോൺസൽ ജനറലിന്റെ ഗൺമാനായി നിയമിച്ച് ഡി.ജി.പി ഉത്തരവിറക്കിയത്. പിന്നീട് 2018 ജൂലായ് ഏഴിനും 2019 ജനുവരി നാലിനും കഴിഞ്ഞ ജനുവരി എട്ടിനും കാലാവധി നീട്ടി. 2019 ഡിസംബറിൽ ഇക്കാര്യമുന്നയിച്ച് കോൺസൽ ജനറൽ ഡി.ജി.പിക്ക് കത്തു നൽകിയിരുന്നു.

വിദേശകാര്യ മന്ത്രാലയം വഴിയല്ലാതെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് കത്തയയ്ക്കാൻ പാടില്ലെന്ന ചട്ടം കോൺസുലേറ്റ് ലംഘിച്ചതായാണ് ആരോപണം. നയതന്ത്റ ഓഫീസുകൾക്കു സുരക്ഷാ ഭീഷണിയുണ്ടെങ്കിലോ സുരക്ഷ ആവശ്യപ്പെട്ട് അവർ കത്തു നൽകിയാലോ സംസ്ഥാന സർക്കാർ വഴി വിദേശകാര്യ മന്ത്റാലയത്തെ പൊലീസ് ഇക്കാര്യം അറിയിക്കണമെന്നാണ് ചട്ടം. കോൺസുലേ​റ്റിനു പുറത്തു സുരക്ഷ ഒരുക്കാൻ മാത്രമാണു സംസ്ഥാന പൊലീസിന് അനുമതിയുള്ളത്. കോൺസലേ​റ്റ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കേണ്ടത് കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഏജൻസികളായിരിക്കണം.