01

കുളത്തൂർ: പാർവതി പുത്തനാറിനെയും തീരദേശ കായലുകളെയും ബന്ധിപ്പിച്ചുകൊണ്ട് ആക്കുളം - കഠിനംകുളം കായൽ ടൂറിസം പദ്ധതി യാഥാർത്ഥ്യമായാൽ അത് തലസ്ഥാനത്തിന്റെ മുഖഛായ തന്നെ മാറ്റും. നിരവധി ബോട്ടുകളും ഹൗസ് ബോട്ടുകളും ഷിക്കാര വള്ളങ്ങളും ഉപയോഗപ്പെടുത്തി കോവളം വിനോദ സഞ്ചാര കേന്ദ്രത്തെയും ആക്കുളം, വേളി ടൂറിസ്റ്റ് വില്ലേജുകളെയും ഉൾപ്പെടുത്തി പാർവതി പുത്തനാർ വഴി കഠിനംകുളം കായൽ തൊട്ട് വടക്കോട്ടുള്ള വിനോദ, വാണിജ്യ ജലപാത സജ്ജമാകുന്നതോടെ സംസ്ഥാന തലസ്ഥാനം ഏറ്റവും മികച്ച ഒഴിവുകാല വിനോദ സഞ്ചാര കേന്ദ്രമായി മാറും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാക്കത്തുരുത്ത്, പെരുമാതുറപാലം, മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാൻ സ്മാരകം, പൊന്നുംതുരുത്ത്, പണയിൽക്കടവ് , അകത്തുമുറിവരെയുള്ള പ്രദേശം തുടങ്ങിയ ഇടങ്ങൾ തെക്കൻ കേരളത്തിന്റെ കായൽ ടൂറിസത്തിന്റെ മുഖമുദ്ര‌‌യായിമാറും.

രാജഭരണകാലത്ത് തെക്കൻ തിരുവിതാംകൂറിൽനിന്ന് വടക്കോട്ട് യാത്രചെയ്യുന്ന യാത്രക്കാരുടെ പ്രധാന ഇടത്താവളമായിരുന്ന കഠിനംകുളം കായലിനെ വേളി കായലുമായും ആക്കുളം കായലുമായും ബന്ധിപ്പിച്ച് പാർവതി പുത്തനാർ നിർമ്മിച്ചതോടെയാണ് കെട്ടുവള്ളങ്ങൾ ഉൾപ്പെടെയുള്ള ജലയാനങ്ങൾക്ക് ചാക്ക വരെ എത്താൻ കഴിഞ്ഞത്. ദീർഘ വീക്ഷണത്തോടെ നിർമ്മിച്ച പുത്തനാറിന്റെ മുഖമുദ്രകളായിരുന്നു പാറക്കല്ലിൽ തീർത്ത കുളിക്കടവുകളും ബോട്ടുജെട്ടികളും. ദീർഘദൂര യാത്രകൾക്കും ചരക്ക് ഗതാഗതത്തിനും ആളുകൾ ഏറെ ആശ്രയിച്ചിരുന്ന പ്രധാന ജലപാതയായി പാർവതി പുത്തനാർ അക്കാലത്ത് മാറുകയായിരുന്നു. റോഡ്‌ മാർഗ്ഗങ്ങൾ സാർവത്രികമായതോടെ പിൽക്കാലത്ത് യാത്രാവള്ളങ്ങളുടെ വരവ് കുറയുകയും തൊണ്ടുവള്ളങ്ങളുടെ പ്രധാന സഞ്ചാര പാതയായി പാർവതി പുത്തനാർ പരിണമിക്കുകയും ചെയ്തു. 1970കളുടെ തുടക്കത്തിൽ, അനധികൃത മണൽവാരലിന്റെയും കയ്യേറ്റങ്ങളുടെയും ഫലമായി പുത്തനാറിന്റെ അവസ്ഥ ഏറെ ദയനീയമായിതീർന്നു. അനിയന്ത്രിത മണലൂറ്റിനെ തുടർന്ന് ഇരുകരകളും ഇടഞ്ഞു താഴുകയും ആഴം കുറഞ്ഞതോടെ തൊണ്ടുവള്ളങ്ങൾ പുത്തനാറിനോട് വിട പറയുകയും ചെയ്തു.

പദ്ധതി മികച്ചതാകാൻ

പാർവതി പുത്തനാർ മുതൽ കഠിനംകുളം കായൽവരെ എല്ലാത്തരം ബോട്ടുകൾക്കും സഞ്ചരിക്കാൻ കഴിയുന്ന പഴയ രാജ ഭരണകാലത്തെ ജലപാത പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ആദ്യ നടപടി. ഇതിനായി അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചെടുത്ത്, വേലിയിറക്ക സമയത്തെ പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിച്ച് ഹൗസ് ബോട്ടുകളുടെയും യാത്രാബോട്ടുകളുടെയും സുഗമമായ സഞ്ചാരം ഉറപ്പാക്കിയാൽ പദ്ധതി എക്കാലത്തെയും മികച്ചതായി മാറും. കൂടാതെ പാർവതി പുത്തനാറിന് സമാന്തരമായി പോകുന്ന തീരദേശ റോഡും ബോട്ടുയാത്രക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനം ചെയ്യും. പാർവതി പുത്തനാറിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ നിലച്ചമട്ടാണ്. മുമ്പ് പാതിവഴിയിൽ ഉപേക്ഷിച്ച പാർശ്വ ഭിത്തികളുടെ നിർമ്മാണം ചിലയിടങ്ങളിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇനി ശാസ്ത്രീയമായി ആഴം കൂട്ടുന്നതോടെ ജലപാത വീണ്ടെടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്.