തിരുവനന്തപുരം: മദ്യപിച്ച് അപകടകരമായി കാറോടിച്ചതിന് പൊലീസ് പിടികൂടിയപ്പോൾ, സന്ദീപ് നായരുടെ കാറിൽ നിന്ന് പണമടങ്ങിയ ബാഗ് കടത്തിയത് പൊലീസ് സംഘടനയുടെ ഭാരവാഹിയെന്ന് സൂചന. സന്ദീപിനെ പിടികൂടിയ വിവരമറിഞ്ഞ് സ്റ്റേഷനിൽ ഓടിപ്പാഞ്ഞെത്തിയ നേതാവ് കാറിലെ ബാഗ് സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. കൊച്ചിയിൽ പോയി തിരികെ വരുമ്പോൾ സന്ദീപിനെ പിടികൂടിയപ്പോഴാണ് രണ്ടായിരത്തിന്റെ നോട്ടുകൾ നിറച്ച ബാഗ് കണ്ടെത്തിയത്. സന്ദീപിനെ വൈദ്യപരിശോധന നടത്തി തിരിച്ചെത്തിക്കും മുൻപ് നേതാവ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ബെൻസ് കാറിന്റെ രേഖകൾ ശരിയായിരുന്നില്ല. നേതാവിന്റെ സമ്മർദ്ദത്തിൽ രേഖകൾ പരിശോധിക്കാതെ കാറും ബാഗും വിട്ടുനൽകി.
സ്വന്തം ജാമ്യത്തിൽ വിടണമെന്ന നേതാവിന്റെ ശുപാർശ സി.ഐ അംഗീകരിക്കാതിരുന്നതോടെ മറ്റൊരാളെ എത്തിച്ച് ജാമ്യത്തിലിറക്കുകയായിരുന്നു. സന്ദീപിനെതിരെ നേരത്തേയുണ്ടായ ചെറിയ കേസുകളിലും ഈ നേതാവ് ഇടപെട്ടതായി ആരോപണമുണ്ട്. കാറിന്റെ രേഖകൾ പൂനെയിലെ വ്യവസായിയായ മലപ്പുറത്തുകാരന്റേതാണ്. നികുതി അടയ്ക്കാതെയാണ് കേരളത്തിൽ ഓടിച്ചത്. യഥാർത്ഥ ഉടമയെത്താതെ കാർ വിട്ടുകൊടുത്തതും രേഖകൾ പരിശോധിക്കാതിരുന്നതും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അന്വേഷിക്കുന്നുണ്ട്.
നേതാവ് സന്ദീപിനൊപ്പം ബെൻസ് കാറിൽ നഗരത്തിൽ കറങ്ങുന്നത് പതിവായിരുന്നു. കരകുളത്തെ സന്ദീപിന്റെ ഫ്ലാറ്റിലും എത്തിയിരുന്നു. ഒമ്പതു തവണ നേതാവ് സന്ദീപിനൊപ്പം കൊച്ചിയിൽ പോയെന്നാണ് വിവരം. ലോക്ക് ഡൗൺ കാലയളവിലും ഈ വാഹനം കൊച്ചിയിൽ പോയി. വിവരങ്ങളെല്ലാം അറിയാമായിരുന്നിട്ടും സ്പെഷ്യൽബ്രാഞ്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തില്ല. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യം പൊലീസ് തലപ്പത്ത് അറിയിക്കാതെ ഒതുക്കി. നേതാവിന്റെ ഇടപെടലിനെക്കുറിച്ച് ഇതുവരെ ഒരു അന്വേഷണവുമില്ല.