തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ 24 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.14 പേർ രോഗികളും 10 പേർ കൂട്ടിരിപ്പുകാരുമാണ്. 14 പേരിൽ ശസ്ത്രക്രിയ കഴിഞ്ഞവരും ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നവരും ഉൾപ്പെടുന്നു. കൂട്ടിരിപ്പുകാരിൽ കൂടുതൽ പേർ രോഗബാധിതരാകുമെന്നാണ് വിവരം. അതേസമയം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്ന 40 ഡോക്ടർമാർ,നഴ്സുമാർ, അറ്റൻഡർമാർ എന്നിവരുടെ പരിശോധനാഫലം വരാനുണ്ട്. അതേസമയം കൊവിഡ് രോഗികൾക്കായി ഒരു ഐ.സി.യു കൂടി തുറന്നു. പൂട്ടിക്കിടന്ന നാലു കിടക്കകളുള്ള തൊറാസിക്ക് ഐ.സി.യുവാണ് സജ്ജമാക്കിയത്. രണ്ട് പേരെ പ്രവേശിപ്പിച്ചു. നിലവിലുണ്ടായിരുന്ന മെഡിക്കൽ ഐ.സി.യു 2ലെ ഏഴ് കിടക്കകളും നിറഞ്ഞതോടെയാണ് ഇത്. ഇന്നലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചതോടെ ഇത്രയധികം പേരെ ഒരുമിച്ച് കൊവിഡ് വാർഡിലേക്ക് മാറ്റേണ്ടിവന്നു. ഇതോടെ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ രാത്രിയോടെ കാര്യവട്ടത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. 5,6,14, 24 എന്നിവയ്ക്ക് പുറമേ 18, 19 വാർഡുകളിലും കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാനുള്ള നടപടി ആരംഭിച്ചു. നിലവിൽ ഡോക്ടർമാരുടെ എണ്ണത്തിൽ കുറവില്ലെങ്കിലും നഴ്സുമാരുടെയും അറ്റൻഡർമാരുടെയും കുറവ് പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങി.
ഒ.പി ക്രമീകരിച്ചു, ഒരു ദിവസം 50 പേർ
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഒ.പികളിൽ ക്രമീകരണം ഏർപ്പെടുത്തി.ഓരോ ചികിത്സാ വിഭാഗത്തിലും രാവിലെ ഒൻപതു മുതൽ 12 മണി വരെ ഒരു ദിവസം 50 രോഗികൾക്കു മാത്രമായിരിക്കും നേരിട്ട് ചികിത്സ ലഭ്യമാക്കുക. അത്യാവശ്യക്കാർക്ക് മാത്രമായിരിക്കും ഇത്. മറ്റുള്ളവർക്ക് ഇതേ സമയം അതത് ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരുമായി ഫോണിൽ സംസാരിക്കാം. ഒ.പിയിലെത്തുന്ന 50 പേർക്ക് ടോക്കൺ അടിസ്ഥാനത്തിൽ മുൻഗണനാക്രമത്തിലാണ് ചികിത്സ. ഒരു ദിവസം 50 പേർ കഴിഞ്ഞും രോഗികൾ എത്തിയാൽ അവർക്ക് ഒ.പി വിഭാഗത്തിലെ ഡിസ്‌പ്ലേ ബോർഡിൽ തെളിയുന്ന ഡോക്ടർമാരുടെ ഫോൺ നമ്പരിൽ ഡോക്ടറെ വിളിച്ച് രോഗവിവരം അറിയിക്കാം. ഉടൻ ചികിത്സ വേണ്ടതാണെന്ന് ഡോക്ടർക്ക് ബോദ്ധ്യപ്പെട്ടാൽ അവർക്കും ഡോക്ടറെ നേരിൽ കാണാം. ഈ സൗകര്യം 12 മണി മുതൽ ഒരു മണി വരെയായിരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ് അറിയിച്ചു.
ഫോൺ നമ്പരുകൾ
ജനറൽ മെഡിസിൻ 0471 25286 11, കാർഡിയോളജി 2528596, പൾമണറി മെഡിസിൻ 2528826, ജനറൽ സർജറി 2528213, ഗ്യാസ്‌ട്രോ എൻറോളജി (മെഡിക്കൽ) 2528673, (സർജിക്കൽ) 2528670, ത്വക് രോഗവിഭാഗം 2528599, ഗൈനക്കോളജി 2528 116, അസ്ഥിരോഗ വിഭാഗം 2528645, യൂറോളജി 2528660