1968

പാറശാല: അരനൂറ്റാണ്ട് കാലത്തെ കലാ ജീവിതത്തിനടുവിൽ അടുക്കളയിലെ പുകമറയിൽ ജീവിച്ചുതീർക്കുകയാണ് പാറശാലയിലെ ആദ്യകാല കലാകാരി. നെയ്യാറ്റിൻകര താലൂങ്കിലെ മഞ്ചവിളാകം ഈറ്റച്ചേരിക്കോണത്ത് കിഴക്കേ പുത്തൻവീട്ടിൽ പരേതരായ ഭാഗവതരായ നാരായണൻ നാടാരുടെയും അമ്മുക്കുട്ടിയുടെയും മൂന്നാമത്തെ മകളാണ് യമുനയാണ് (65) ഇന്ന് ദുരിതജീവിതം നയിക്കുന്നത്. നാട്യകലാരംഗത്ത് അൻപത് വർഷം അരങ്ങ് നിറഞ്ഞു നിന്ന ഈ നർത്തകിക്ക് ഓർമ്മകളായി ശേഷിക്കുന്നത് മുത്തുകൾ കൊഴിഞ്ഞ ഒരു ചിലങ്കതുണ്ട് മാത്രം. അരങ്ങ് വിട്ടതോടെ ഉപജീവനത്തിനായി തൊഴിലുറപ്പിൽ ഉൾപ്പെട്ടങ്കിലും പ്രായം 65 ആയതിനാൽ ഇപ്പോൾ ആ വഴിയും അടഞ്ഞിരിക്കുകയാണ്. യമുന അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് നെയ്യാറ്റിൻകര ജഗദീശൻ മാഷിനു കീഴിൽ കുച്ചിപ്പുടി, ഭരതനാട്ട്യം, നാടോടി നൃത്തം തുടങ്ങിയവ അഭ്യസിച്ചത്. പിന്നീട് ഡാൻസ് ടീച്ചറായും, ജഗദീശന്റെ കിഴിലുള്ള കലാനിലയത്തിന്റെ പ്രോഗ്രാമുകളിൽ മികച്ച നർത്തകിയായും മാറി. തുടർന്ന് കുമാരസംഭവം, ശ്രീവള്ളി, അല്ലി അർജ്ജുന വിജയം, നാഗപഞ്ചമി, ചെമ്പകപുരി, തുടങ്ങിയ ബാലെകളിലെ കേന്ദ്രകഥപാത്രങ്ങളെ അവതരിപ്പിച്ചു. ഹൃദയത്തിന്റെ നിറങ്ങൾ എന്ന മലയാള സിനിമയിൽ ചെറിയ വേഷവും യമുന ചെയ്തിട്ടുണ്ട്. ഇതിനിടെ മാർത്താണ്ഡം സ്വദേശിയായ മഹേശ്വരനുമായി യമുനയുടെ വിവാഹം കഴിയുകയും പള്ളിയാടി ഈഡിറ്റ് മിസ് സ്കൂൾ, മാർത്താണ്ഡം ക്രിസ്തുരാജ, കാപ്പിക്കാട് കിഡ്സ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ ഏറെ കാലം ഡാൻസ് ടീച്ചറായും പ്രവർത്തിച്ചു. യമുനയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ മാർത്താണ്ഡത്ത് യമുനാ നൃത്ത കാലാനിലയം തുടങ്ങുകയും ഇവിടെ നാട്യകല അഭ്യസിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് യമുനാ തീയേറ്റേഴ്സ് എന്ന നാടകവേദി തുടങ്ങി ഭർത്താവിനോടപ്പം നായിക വേഷത്തിൽ ഏറെക്കാലം നൃത്തകലാ രംഗത്ത് സജീവമായിരുന്നു. എം.എ.ബേബി സംസ്കാരിക മന്ത്രിയായിരിക്കെ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ യമുനയെ ആദരിച്ചിരുന്നു. നാടകം, ബാലെ, നൃത്തകലാ രംഗ വേദികൾ ഉൾപ്പെടെയുള്ളവയ്ക്ക് കേരളത്തിൽ വേദികൾ നഷ്ടപ്പെട്ട് തുടങ്ങിയതോടെ യമുന ഉൾപ്പെടെയുള്ള നിരവധി കലാകാരികളുടെ ജീവിതമാർഗം വഴിമുട്ടി. ഇവർ താമസിച്ചിരുന്ന ഓല മേഞ്ഞ വീട്ടിലെ ശോചനീയാവസ്ഥ കാരണം കലാരംഗത്തു നിന്നും ലഭിച്ച സർട്ടിഫിക്കറ്റുകളൊക്കെ നഷ്ടപ്പെട്ടിരുന്നു. ഇതുകാരണം യാതൊരു ക്ഷേമ പെൻഷനുകൾക്കും അംഗീകരവും ലഭിച്ചിട്ടില്ല. വീട് പുതുക്കി പണിയാനായി കൊല്ലയിൽ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവരും കണ്ട ഭാവം കണിച്ചില്ല. എട്ട് വർഷത്തിനു മുമ്പ് ഭർത്താവായ മഹേശ്വരനും ഒരു മകനും മരിച്ചതോടെ വീട്ടിൽ തനിച്ചാണ് താമസം. മകൻ സനൽ വിവാഹിതനാണ്. എത്തുന്ന വേദികളിലെല്ലാം കയ്യടിയും ആർപ്പ്വിളിയുമായി സ്വീകരിച്ചിരുന്ന ആ സന്തോഷ കാലത്തിന്റെ ഓർമ്മയിൽ ജീവിതം നീക്കുകയാണ് ഈ കലാകാരി.