മലയിൻകീഴ്: വർഷങ്ങളായി തകർന്ന് കിടക്കുന്ന മലയിൻകീഴ് ഗവ. സ്കൂൾ - കോളേജ് റോഡിലൂടെയുള്ള ദുരിത യാത്രയ്ക്ക് പരിഹാരമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥ കേരളകൗമുദി ഫ്ളാഷ് നിരവധി തവണ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് റോഡിന്റെ ടാറിംഗ്, ഓട നിർമ്മിക്കൽ, അനുബന്ധ പണികൾ എന്നിവയ്ക്കായി 2 കോടി രൂപ അനുവദിച്ചതായി ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. റോഡ് നവീകരണത്തിന് മുന്നോടിയായുള്ള ഓട നിർമ്മാണം അവസാനഘട്ടത്തിലാണ്. നിലവിൽ മലയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസ് മുതൽ കോളേജ് വരെ തകർന്ന സ്ഥിതിയാണ്. എൽ.പി, യു.പി, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി, കോളേജ്, ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏക റോഡിലാണ് വൻകുഴികൾ രൂപപ്പെട്ടിട്ടുള്ളത്. പ്രധാന റോഡിലും സ്കൂൾ റോഡിലും ഓടയില്ല. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗവും ഗവ. ഐ.ടി.ഐയും പ്രവർത്തനമാരംഭിച്ചപ്പോൾ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപ്പായില്ല. വിദ്യാർത്ഥികളുടെ യാത്രാദുരിതം കണ്ട് യുവജനസംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ കുഴികളിൽ കോൺക്രീറ്റിട്ടെങ്കിലും മഴയിൽ ഒലിച്ചുപോയിരുന്നു.
മഴപെയ്താൽ കുളം
സ്കൂൾ, കോളേജ്, ഐ.ടി.ഐ എന്നിവ സ്ഥിതി ചെയ്യുന്ന ഉയർന്ന ഭാഗത്ത് നിന്ന് ഒലിച്ചിറങ്ങുന്ന മഴവെള്ളം പതിച്ചാണ് റോഡാകെ തകർന്നത്. കുത്തിയൊലിച്ചിറങ്ങുന്ന മഴവെള്ളം ചെളിയും കല്ലുമൊക്കെയായി മലയിൻകീഴ് - കാട്ടാക്കട റോഡിലാണ് എത്തിച്ചേരുന്നത്. ഇപ്പോഴും മഴപെയ്താൽ ജെ.സി.ബി ഉപയോഗിച്ച് ചെളിയും മണ്ണും റോഡിൽ നിന്ന് നീക്കേണ്ട സ്ഥിതിയാണ്.
അപകടങ്ങൾ പതിവ്
പലയിടത്തും ഒാടയില്ല
അനുവദിച്ചത് - 2 കോടി രൂപ
നവീകരിക്കുന്നത് - 1.5 കി.മീ
പ്രതികരണം
8 മീറ്ററിലേറെ വീതിയിൽ മഴവെള്ളം ഒലിച്ച് പോകുന്നതിനുള്ള ഓടയുൾപ്പെടെ നൂതനരീതിയിലാണ് സ്കൂൾ - കോളേജ് റോഡ് നവീകരിക്കുന്നത്. അപകട മുന്നറിയിപ്പ് ബോർഡുകളും അവശ്യം വേണ്ടിടത്ത് ഹമ്പുകളും സ്ഥാപിക്കും. ഐ.ബി.സതീഷ് എം.എൽ.എ.