b

തിരുവനന്തപുരം: ദുബായ് പൊലീസിന്റെ പിടിയിലായ സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി തൃശൂർ സ്വദേശി ഫൈസൽ ഫരീദിന്റെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ എൻ.ഐ.എ തേടി. അക്കൗണ്ട് വിവരങ്ങൾ നൽകാൻ തൃശൂരിലെ ഒരു സ്വകാര്യ ബാങ്ക് അടക്കം മൂന്ന് ബാങ്കുകളോട് രേഖാമൂലം എൻ.ഐ.എ ആവശ്യപ്പെട്ടു.

അതേസമയം, നാല് മലയാള സിനിമകൾ നിർമ്മിക്കുന്നതിനായി ഫൈസൽ ഫരീദ് പണം മുടക്കിയതായും വിവരമുണ്ട്. എന്നാൽ, ഈ സിനിമകളിലൊന്നും തന്റെ പേര് ഫൈസൽ ഉപയോഗിച്ചിട്ടില്ല. ഒരു തെലുങ്ക് ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്തു. ഇയാളെ രണ്ട് ദിവസത്തിനുള്ളിൽ കൊച്ചിയിലെത്തിക്കുമെന്നാണ് സൂചന. കുറ്റവാളികളെ കൈമാറുന്നതിന് മുമ്പ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ ചില രേഖകൾ തയ്യാറാക്കേണ്ടതുണ്ട്. ഇതാണിപ്പോൾ നടക്കുന്നത്.

അതിനിടെ, ഡിപ്ളോമാറ്റിക് ബാഗിൽ സ്വർണം അയയ്ക്കാൻ ഫൈസൽ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്ന വിവരം കസ്റ്റംസിന് ലഭിച്ചു. ഇപ്പോൾ ദുബായിലുള്ള റബിൻസാണ് ഫൈസലിന്റെ പേരിൽ ചില പാഴ്സലുകൾ അയച്ചതെന്ന് കേസിൽ അറസ്‌റ്റിലായ ജലാൽ മുഹമ്മദ് മൊഴി നൽകിയിരുന്നു. ദുബായിൽ റബിൻസിന് ഹവാല ഇടപാടുകളുള്ളതായും കസ്‌റ്റംസിന് വിശ്വസനീയ വിവരം ലഭിച്ചിട്ടുണ്ട്.