road

ആറ്റിങ്ങൽ: കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് ദേശീയതലത്തിലുള്ള വികസനപ്രവർത്തനങ്ങൾ നിറുത്തിവച്ച സാഹചര്യത്തിൽ നിർമ്മാണം തുടങ്ങാനിരുന്ന ആറ്റിങ്ങൽ ബൈപാസ് പദ്ധതി നീളും. കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള ആറ്റിങ്ങൽ ബൈപാസ് ഉൾപ്പെടുന്ന ദേശീയപാത വികസനം കാസർകോട് - തിരുവനന്തപുരം പദ്ധതിയുടെ ഭാഗമായി മാറിയതോടെ കേരളത്തിന്റെ നിയന്ത്രണത്തിൽ നിന്നും പാത വികസനം കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലായിരുന്നു. ഇതോടെ നിർമ്മാണം വേഗം നടക്കുമെന്ന് കരുതിയിരുന്നപ്പോഴാണ് കൊവിഡ് എല്ലാം അവതാളത്തിലാക്കിയത്. തുടർന്ന് പദ്ധതി വൈകുമെന്നാണ് വിലയിരുത്തൽ. ആറ്റിങ്ങൽ ബൈപാസിന്റെ സർവേ നടപടികൾ നേരത്തേ പൂർത്തിയാക്കി കടമ്പാട്ടുകോണം - കഴക്കൂട്ടം പാത വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിനുള്ള രേഖകൾ ദേശീയപാത വികസന അതോറിട്ടിക്ക് റവന്യൂ വിഭാഗം കൈമാറിക്കഴിഞ്ഞു. താലൂക്ക് ഓഫീസിന് പുറമേ, റവന്യൂമന്ത്റിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ആറ്റിങ്ങലിൽ സ്‌പെഷ്യൽ താലൂക്ക് ഓഫീസ് അനുവദിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. കടമ്പാട്ടുകോണം മുതൽ മാമം വരെ 45 മീറ്റർ വീതിയിൽ 17 കിലോമീറ്റർ റോഡിനാവശ്യമായ ഭൂമിയുടെ സർവേയാണ് നടന്നത്. 3എ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന ദിവസം തന്നെ സർവേ പൂർത്തിയാക്കി സമർപ്പിച്ചപ്പോഴാണ് വികസനചുമതല കേന്ദ്ര സർക്കാർ ഏറ്റെടുത്തത്. റവന്യൂ വകുപ്പ് കൈമാറിയിരിക്കുന്ന രേഖകൾ ദേശീയപാത വിഭാഗം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന് കൈമാറുന്നതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാകും. ഇതുവരെ നടന്ന സർവേപ്രകാരം പേരുമാറ്റി പദ്ധതി ആവിഷ്‌കരിക്കുമെന്നാണ് അറിയുന്നത്.

സമയബന്ധിത സർവേ

സമയപരിധിക്കുള്ളിൽ സർവേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സംസ്ഥാനസർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നു. തടസങ്ങളൊഴിവാക്കാൻ ബി. സത്യൻ എം.എൽ.എ നിരന്തരം അധികൃതരുമായി ബന്ധപ്പെട്ടു. ജില്ലാകളക്ടറുടെ നേതൃത്വത്തിലും യോഗങ്ങൾ നടന്നു. കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള പ്രദേശത്തെ സർവേ സമയബന്ധിതമായി പൂർത്തിയാക്കിയതിന് ആറ്റിങ്ങൽ സ്‌പെഷ്യൽ താലൂക്ക് ഓഫീസിലെ 44 ജീവനക്കാരെ ജില്ലാകളക്ടർ അനുമോദിച്ചിരുന്നു.

 ഭൂമി ഏറ്റെടുക്കേണ്ട വില്ലേജുകൾ

1.ചിറയിൻകീഴ് താലൂക്ക്

കിഴുവിലം

 ആറ്റിങ്ങൽ

 കീഴാറ്റിങ്ങൽ

കരവാരം

2.വർക്കല താലൂക്ക്

മണമ്പൂർ

ഒറ്റൂർ

 കടയ്ക്കാവൂർ

നാവായിക്കുളം

 സർവേ നടന്നത് - 17 കി.മീ

പ്രതികരണം

3 എ നോട്ടിഫിക്കേഷൻ മൂന്നു പ്രാവശ്യം നടത്തിയിട്ടും ശരിയായ ഫോളോഅപ്പ് കേരളത്തിൽ നിന്നും ഇല്ലാതിരുന്നതിനാൽ അത് നടപ്പായില്ല. 3 എ നോട്ടിഫിക്കേഷൻ പാസായശേഷം 3 ഡി നോട്ടിഫിക്കേഷൻ ഇറക്കി പദ്ധതി പുരോഗമിക്കുന്ന സമയത്താണ് കൊവിഡ് കാരണം പദ്ധതിക്ക് കാലതാമസം വന്നിരിക്കുന്നത്. എങ്കിലും പദ്ധതി നടത്തുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

അഡ്വ. അടൂർ പ്രകാശ് എം.പി