തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷ (കീം) എഴുതിയ രണ്ടു വിദ്യാർത്ഥികൾക്കും ഒരു വിദ്യാർത്ഥിയുടെ പിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് ആശങ്ക വർദ്ധിച്ചു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ ഒളവണ്ണ സ്വദേശിയായ വിദ്യാർത്ഥിയ്ക്കും അമ്മാവനും രോഗം സ്ഥിരീകരിച്ചു.
തൈക്കാട് ഗവ. ടീച്ചർ ട്രെയിനിംഗ് കോളേജിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിനി (19), കരമന ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ പേരൂർക്കട എ.കെ.ജി നഗർ സ്വദേശി (18), കോട്ടൺഹിൽ സ്കൂളിൽ എഴുതിയ മണക്കാട് സ്വദേശിയുടെ പിതാവ് (47) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് ഒളവണ്ണ സ്വദേശിയായ വിദ്യാർത്ഥിയ്ക്കും (17) അമ്മാവനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ അമ്മാമന്റെ വീട്ടിലെ മൂന്നു കുട്ടികൾക്ക് കൂടി രോഗബാധ കണ്ടെത്തുകയായിരുന്നു. ഇവരെ എൻ.ഐ.ടി യിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.പൊഴിയൂർ സ്വദേശി പരീക്ഷ എഴുതിയത് ട്രെയിനിംഗ് കോളേജിലെ ജനറൽ ഹാൾ ബിയിലാണ്. ഇവിടെയുണ്ടായിരുന്ന 20 കുട്ടികളെയും തിരിച്ചറിഞ്ഞ് ഹോം ക്വാറന്റൈനിലാക്കി. കൊവിഡ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ പൊഴിയൂരിലെ വിദ്യാർത്ഥിനി ഉൾപ്പെട്ടിരുന്നു.
പേരൂർക്കട സ്വദേശിക്ക് നേരത്തെ രോഗലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിച്ചത്. ഈ റൂമിൽ ജോലിചെയ്ത ഇൻവിജിലേറ്റർ, രണ്ടു വോളന്റിയർമാർ എന്നിവരെയും നിരീക്ഷണത്തിലാക്കി. അതേസമയം കോട്ടൺഹിൽ സ്കൂളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിയുടെ പിതാവ് പരീക്ഷ തീരുംവരെ സ്കൂൾ പരിസരത്തുണ്ടായിരുന്നു.
ഒട്ടേറെ രക്ഷാകർത്താക്കളാണ് ഇയാൾക്കൊപ്പം അവിടെ കാത്തുനിന്നിരുന്നത്. കോട്ടൺഹില്ലിൽ ഉണ്ടായിരുന്ന മുഴുവൻ രക്ഷാകർത്താക്കളും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.
ട്രിപ്പിൾ ലോക്ക്ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വിവാദമായിരുന്നു. രോഗവ്യാപന സാദ്ധ്യത ഉണ്ടാകുമെന്ന മുന്നറിയിപ്പുകളെ അവഗണിച്ചാണ് പരീക്ഷ നടത്തിയത്. പലയിടത്തും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ആൾകൂട്ടമാണ് ഉണ്ടായത്.
പട്ടം സെന്റ് മേരീസ് സ്കൂളിൽ സാമൂഹ്യ അകലമില്ലാതെ നൂറുകണക്കിന് രക്ഷിതാക്കൾ മണിക്കൂറുകളോളം കൂട്ടംകൂടി നിന്നിരുന്നു.