us-navy-execise

ഇന്ത്യൻ മഹാസമുദ്രത്തിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യോ - അമേരിക്കൻ നാവികാഭ്യാസം സാധാരണ നടക്കാറുള്ളതിന്റെ ആവർത്തനമായി കാണാനാവില്ല. ഇന്ത്യ - ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ' കൂടുതൽ അഭ്യാസം കാണിക്കരുത് ' എന്ന ചൈനയ്ക്കുള്ള മുന്നറി​യി​പ്പ് കൂടി​യാണ​ത്.

ദക്ഷി​ണ ചൈന കടലി​ൽ നി​ന്നും മലാക്ക കടലി​ടുക്കു വഴി​ ഇന്ത്യൻ മഹാസമുദ്രത്തി​ൽ പ്രവേശി​ച്ച അമേരി​ക്കയുടെ ആണവശേഷി​യുള്ള കൂറ്റൻ വി​മാന വാഹി​നി​ കപ്പലായ യു.എസ്. എസ് നി​മി​‌റ്റ്സും മറ്റ് മൂന്ന് യുദ്ധക്കപ്പലുകളുമാണ് ഇന്ത്യയുമായുള്ള സംയുക്ത പ്രകടനത്തി​ൽ പങ്കെടുത്തത്. മി​സൈൽ വാഹി​നി​യായ യു.എസ്.എസ് പ്രി​ൻസ്റ്റൺ​, മിസൈൽ ആക്രമണം തടുക്കാൻ സംവി​ധാനമുള്ള യു.എസ്.എസ് സ്റ്റെററ്റ്, യു.എസ്. എസ് റാൽഫ് ജോൺ​സൺ​ എന്നി​വയാണ് മറ്റ് മൂന്ന് യുദ്ധക്കപ്പലുകൾ. നി​ലവി​ൽ ആൻഡമാൻ പ്രദേശത്ത് നി​ലയുറപ്പി​ച്ചി​രുന്ന ഇന്ത്യൻ നാവി​കസേനയുടെ കപ്പൽ വ്യൂഹമാണ് ഇന്ത്യയെ പ്രതി​നി​ധീകരി​ച്ചത്.

എന്തി​നാണ് അഭ്യാസം?

1. രണ്ട് നാവികസേനയും രണ്ട് കമാൻഡിലാണ് പ്രവർത്തിക്കുന്നത്. ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഇവർക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയില്ല. എന്നാൽ സംയുക്ത അഭ്യാസത്തിലൂടെ ഇരു സേനകളുടെയും കമ്മ്യൂണിക്കേഷനിൽ വ്യക്തത ഉണ്ടാകും. അതാണ് പ്രഥമ ലക്ഷ്യം.

2. കോഡ‌ഡ് സന്ദേശങ്ങൾക്ക് രൂപം നൽകുന്നതും കൈമാറുന്നതും ഇത്തരം സംയുക്ത അഭ്യാസം നടത്തുമ്പോഴാണ്. ശത്രുരാജ്യങ്ങളുടെ നിരീക്ഷണം സദാ ഉണ്ടായതിനാൽ രഹസ്യ സന്ദേശങ്ങളുടെ സ്വഭാവം അടിയ്ക്കടി മാറ്റേണ്ടിവരും. ശത്രുവിനെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾക്കും രൂപം നൽകേണ്ടിവരും. ഇതൊക്കെ പരസ്പരം കൈമാറുകയും പ്രായോഗികത ഉറപ്പുവരുത്തുന്ന രീതിയിൽ പരീക്ഷിച്ച് നോക്കുകയും ചെയ്യുന്നത് ഇത്തരം അഭ്യാസങ്ങൾക്കിടയിലാണ്.

3. ഏതാനും ആഴ്ചകളിലായി ദക്ഷിണ ചൈനാ കടലിലാണ് യു.എസ് യുദ്ധക്കപ്പലായ നിമിറ്റ്സ് നിലയുറപ്പിച്ചിരുന്നത്. അവിടെ നിന്നും മലാക്ക കടലിടുക്കിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിൽ കയറിയതിന് ശേഷമാണ് സംയുക്ത അഭ്യാസം നടത്തിയത്. മലാക്ക കടലിടുക്കിലൂടെ കടന്നുവരുന്നതിനിടയിൽ കപ്പൽ വ്യൂഹത്തെ എങ്ങനെ തകർക്കാം എന്നതിന് പ്രാധാന്യം നൽകിയാവും അഭ്യാസങ്ങൾ നടത്തിയത്. കാരണം ചൈനീസ് കപ്പലുകൾക്ക് മലാക്ക കടലിടുക്കിലൂടെയേ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ. ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ചാൽ ഇന്ത്യക്കെതിരെ ചൈനീസ് കപ്പലുകൾക്ക് ആക്രമണം നടത്താൻ എളുപ്പമാണ്. അങ്ങനെ പ്രവേശിക്കുന്നതിന് മുമ്പ് അവ തകർക്കാനുള്ള 'എക്സർസൈസാവും" അവിടെ നടന്നിരിക്കാൻ സാദ്ധ്യത.

ദക്ഷിണ ചൈന കടൽ ആരുടേത്?

മാവോ സേതൂങ്ങിന്റെ കാലം മുതൽ ദക്ഷിണ ചൈന കടൽ ആരുടേതെന്നതിൽ തർക്കം തുടങ്ങിയതാണ്. അടുത്തിടെ ചൈന ദക്ഷിണകടലിലെ കൂടുതൽ സ്ഥലങ്ങളിലെ അവകാശം തങ്ങൾക്കാണെന്ന വാദം മുഴക്കുകയും പല അന്താരാഷ്ട്ര കപ്പലുകളുടെയും സഞ്ചാരം തടസപ്പെടുത്തുകയും തടയുകയും ചെയ്തിരുന്നു. 1948-ൽ കടലിന്റെ ഭൂപടത്തിൽ 9 വരകളിട്ട് ചൈന അടയാളപ്പെടുത്തിയ മേഖലകളെല്ലാം അവരുടേതാണെന്നാണ് വാദം. ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെയ്, തയ്‌വാൻ തുടങ്ങിയ രാജ്യങ്ങളും ഈ മേഖലയിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. വൻ എണ്ണ നിക്ഷേപമുള്ള മേഖലയാണിത്. ഇവിടെ സമ്പൂർണ ആധിപത്യമാണ് ചൈനയുടെ ലക്ഷ്യം. മാത്രമല്ല ആഗോള ചരക്കു നീക്കത്തിന്റെ വലിയ പങ്കും ഇതുവഴിയാണ് കടന്നുപോകുന്നത്. ദക്ഷിണ ചൈന കടലിന് മേൽ നിയന്ത്രണം സ്ഥാപിക്കാനാണ് ചൈന വിയറ്റ്‌നാമിനെ ആക്രമിച്ചതു തന്നെ. ലോക രാജ്യങ്ങളുടെ എതിർപ്പ് കണക്കിലെടുക്കാതെ ചൈന കടലിൽ കപ്പൽ വേധ മിസൈലുകൾ വഹിക്കുന്ന യുദ്ധ കപ്പലുകൾ വിന്യസിച്ചു. ഇതോടെയാണ് ചെറു രാജ്യങ്ങൾക്ക് പിന്തുണയുമായി അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇവിടെ തമ്പടിക്കാൻ തുടങ്ങിയത്. ദക്ഷിണ ചൈന കടലിൽ കൂറ്റൻ യു.എസ് യുദ്ധകപ്പലുകളുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകും.

''സുഹൃത്തുക്കൾ ഉണ്ടായിരിക്കണം. അത് നല്ലതാണ്" എന്നാണ് സംയുക്ത നാവിക അഭ്യാസത്തിന് ശേഷം യു.എസ് നേവി ട്വിറ്ററിൽ പ്രതികരിച്ചത്.

ഇന്ത്യൻ സമുദ്രത്തിലെ ഇന്ത്യോ - യു. എസ് നാവിക സേനകളുടെ സംയുക്താഭ്യാസം ചൈനയ്ക്ക് നൽകിയിരിക്കുന്ന സന്ദേശം ചെറുതല്ല. സംഘർഷം മൂർച്ഛിച്ചാൽ ഇന്ത്യയോടൊപ്പം അമേരിക്കയും ഉണ്ടാകും എന്നതിന്റെ വ്യക്തമായ തെളിവാണിത്. ഇത് കൂടാതെ 5 റാഫേൽ വിമാനങ്ങൾ ജൂലായ് 29ന് ഇന്ത്യയിലെത്തും. അംബാലയിലെ ബേസിൽ നിന്ന് അതിന് ലഡാക്കിലെത്താൻ ഏതാനും നിമിഷങ്ങൾ മതി. അടുത്ത നവംബറിൽ നടക്കുന്ന മലബാർ എക്സർസൈസിൽ അമേരിക്കയ്ക്കും ജപ്പാനും പുറമെ ആസ്ട്രേലിയ കൂടി പങ്കെടുത്താൽ യുദ്ധം ഉണ്ടായാൽ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യക്ക് പിന്നിൽ അണിനിരക്കും എന്ന വ്യക്തമായ സന്ദേശം ചെെനയ്ക്ക് ലഭിക്കും. റഷ്യയാകട്ടെ ഇന്ത്യയെ ഉപേക്ഷിക്കുന്ന ഒരു നിലപാട് കൈക്കൊള്ളുകയുമില്ല. ഇതെല്ലാം ചൈനയ്ക്ക് ഇന്ത്യ നൽകുന്ന മുന്നറിയിപ്പുകളാണ്.

എന്താണ് മലബാർ

എക്സർസൈസ്

കാലങ്ങളായി ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുക്തമായി ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തുന്ന സംയുക്ത നാവിക സേനാ അഭ്യാസത്തിനാണ് മലബാർ എക്സർസൈസ് എന്ന് പറയുന്നത്. ദോക് ലാമിലെ സംഘർഷം നടന്ന കാലയളവിൽ 2017 ലാണ് ഏറ്റവും ഒടുവിൽ ഇത് നടന്നത്. ഈ വരുന്ന നവംബറിലാകും മിക്കവാറും അടുത്തത് നടക്കുക. ഇത്തവണ ആസ്ട്രേലിയയെ കൂടി ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ആസ്ട്രേലിയയും പല കാരണങ്ങളാൽ ചൈനയുമായി ഉടക്കി നിൽക്കുകയാണ്. അവർ കൂടി പങ്കെടുത്താൽ ഇത്തവണത്തെ മലബാർ എക്സർസൈസ് ലോക ശ്രദ്ധ ആകർഷിക്കും.