corona-vaccine

ലോകത്തെ കീഴ്‌മേൽ മറിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ഫലപ്രദമായ വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ ഇന്ത്യ ഉൾപ്പെടെ അനവധി രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ പ്രതിരോധ വാക്സിൻ പരീക്ഷണത്തിൽ തങ്ങൾ ആദ്യഘട്ട വിജയം നേടിയിരിക്കുന്നു എന്ന അവകാശവാദവുമായി ബ്രിട്ടനിലെ ഓക്സ്‌ഫോർഡ് സർവകലാശാല മുന്നോട്ടുവന്നിരിക്കുന്നു. ഇനിയും പല കടമ്പകൾ കടന്നുവേണം വാക്സിൻ വിപണിയിലെത്താൻ. മനുഷ്യരിൽ മൂന്നുവട്ടം പരീക്ഷിച്ച് പൂർണമായും പാർശ്വഫലങ്ങളൊന്നുമില്ലാത്തത് എന്ന് ബോദ്ധ്യപ്പെട്ട ശേഷമേ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങാനാവൂ. ഏതു നിലയിലും ഈ വർഷാവസാനം വരെ ഇതിനായി കാത്തിരിക്കേണ്ടിവരുമെന്നാണ് വാക്സിൻ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളും നൽകുന്ന സൂചനകൾ. ഏതായാലും മാനവരാശിക്ക് ഉള്ളു നിറഞ്ഞ് ആശ്വസിക്കാനുള്ള വാർത്ത തന്നെയാണ് ഓക്സ്‌ഫോർഡിൽ നിന്നു ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ. ആറുമാസത്തിലധികമായി കൊവിഡ് അത്രമേൽ ലോകത്ത് കെടുതികൾ വിതച്ചുകഴിഞ്ഞു. ഇപ്പോഴും രോഗവ്യാപനത്തിന് കാര്യമായ കുറവില്ലതാനും.

ഓക്സ്‌ഫോർഡ് സർവകലാശാലയിൽ ഇതിനകം നടന്ന ഗവേഷണങ്ങളുടെ ഫലമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ ഏപ്രിൽ, മേയ് മാസങ്ങളിലായി 1077 പേരിൽ പരീക്ഷിച്ചതായാണ് വിവരം. പതിനെട്ടിനും അൻപത്തഞ്ചിനുമിടയ്ക്കു പ്രായമുള്ളവരിലായിരുന്നു പരീക്ഷണം. വാക്സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും സംബന്ധിച്ച് പ്രതീക്ഷയേകുന്ന സൂചനകളാണു ലഭിച്ചതെന്നാണ് സർവകലാശാല പറയുന്നത്. വാക്സിൻ കുത്തിവച്ചവരിൽ കുറച്ചുപേർക്ക് പനി, തലവേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടായെന്നല്ലാതെ ഗുരുതര പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നാണ് മനസിലാക്കുന്നത്. കുത്തിവയ്പ് എടുത്തവരിൽ കൊവിഡ് വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള ആന്റിബോഡിയും ടി - കോശങ്ങളും രൂപപ്പെട്ടതായി കണ്ടെത്തിയിരുന്നു. വൈറസിനെ ദീർഘകാലം പ്രതിരോധിക്കാനുതകുന്ന ഘടകമാണ് ടി - സെല്ലുകൾ. മനുഷ്യരിലുള്ള അടുത്ത ഘട്ടം പരീക്ഷണങ്ങൾ കൂടി പൂർത്തിയായാലേ വാക്സിന്റെ കാര്യക്ഷമത പൂർണമായും ഉറപ്പുവരുത്താനാവൂ. ഇപ്പോഴത്തെ ഫലം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നതിൽ അതിന്റെ ഉപജ്ഞാതാക്കൾ തികഞ്ഞ സന്തോഷത്തിലാണ്.

ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് പ്രത്യക്ഷപ്പെട്ടത് ചൈനയിലാണ്. വിവരം പുറംലോകമറിയാൻ കുറച്ചു വൈകിയില്ലായിരുന്നുവെങ്കിൽ പ്രതിരോധ വാക്സിനു വേണ്ടിയുള്ള ശ്രമങ്ങൾ ഇതിനകം അവസാന ഘട്ടത്തിലെത്തേണ്ടതായിരുന്നു. വിവരം മറച്ചുവച്ചതിന്റെ പേരിൽ ചൈനയെ പ്രമുഖ ലോക രാഷ്ട്രങ്ങൾ ഇപ്പോഴും പഴിച്ചുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഈ വിഷയത്തിൽ ചൈനയ്ക്കെതിരെ പ്രഖ്യാപിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ.

ആദ്യഘട്ടത്തിൽത്തന്നെ രാജ്യമൊട്ടുക്കും ലോക്ക് ഡൗൺ ഏർപ്പെടുത്തിയും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചും കൊവിഡിനെ തടഞ്ഞുനിറുത്താൻ ശ്രമിച്ചിട്ടും ഇന്ത്യയിൽ മഹാമാരിക്ക് ശമനമൊന്നുമില്ല. ഇപ്പോഴും അത് സർവ മേഖലകളെയും നിശ്ചലമാക്കിക്കൊണ്ട് പടർന്നുപിടിക്കുകയാണ്. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ലോകത്തെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. രോഗവ്യാപനത്തിൽ ഏറ്റവും പിന്നിൽ നിന്നിരുന്ന കേരളത്തിലും ഇപ്പോൾ രോഗികൾ ഓരോ ദിവസവും പെരുകിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ കണക്കിൽ സംസ്ഥാനത്ത് മൊത്തം രോഗബാധിതർ പതിനാലായിരത്തോളമായി. സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ സംഖ്യ അനിയന്ത്രിതമായി വർദ്ധിക്കുന്നതും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കൊവിഡ് പ്രതിരോധ വാക്സിൻ ഗവേഷണത്തിൽ ഇന്ത്യയിലും ഒരു ഡസനോളം സ്ഥാപനങ്ങൾ ഏർപ്പെട്ടിരിക്കുകയാണ്. ഡൽഹിയിലെ ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞതായും സൂചനയുണ്ട്. ഇതിനായുള്ള വോളണ്ടിയർമാരുടെ രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. പതിനെട്ടിനും അൻപത്തഞ്ചിനുമിടയ്ക്ക് പ്രായമുള്ള നൂറുപേരിലാണ് ആദ്യം വാക്സിൻ പരീക്ഷിക്കുക. രണ്ടാം ഘട്ടത്തിൽ 12-നും 65നുമിടയ്ക്ക് പ്രായമുള്ള 750 പേരിലാകും പരീക്ഷണം. വിവിധ പ്രായക്കാരിൽ വാക്സിൻ എങ്ങനെ പ്രതിപ്രവർത്തിക്കുമെന്നു പഠിക്കുന്നതിനുവേണ്ടിയാണ് പല പ്രായക്കാരെയും പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ പ്രമുഖ സ്ഥാപനമായ ഭാരത് ബയോടെക്, ഹൈദരാബാദിലെ നൈസാം മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി വേറെയും സ്ഥാപനങ്ങളിൽ വാക്സിൻ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.

വാക്സിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരീക്ഷണ നിരീക്ഷണങ്ങൾ നൂറുശതമാനവും കുറ്റമറ്റതാക്കുന്നതിൽ ഗവേഷകരെ നിർബന്ധിതരാക്കുന്നത്. അഭൂതപൂർവമായ വിപണി സാദ്ധ്യതയും മുന്നിലുണ്ടെന്നത് ഗവേഷക സ്ഥാപനങ്ങൾക്ക് വർദ്ധിച്ച പ്രചോദനമാകുന്നുമുണ്ട്. അമേരിക്കയിലും റഷ്യയിലും ഫ്രാൻസിലും ഇറ്റലിയിലും ബ്രസീലിലും ചൈനയിലുമൊക്കെ കൊവിഡ് വാക്സിനായുള്ള ഗവേഷണ പരീക്ഷണങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. വികസിപ്പിച്ചെടുത്ത വാക്സിനുമായി ആദ്യം വിപണിയിലിറങ്ങാനുള്ള ആവേശം എവിടെയും ദൃശ്യമാണ്.

അമേരിക്കയിൽ മൂന്നാം ഘട്ട പരീക്ഷണത്തിന് മുപ്പതിനായിരം പേരെയാണ് ഒരുക്കി നിറുത്തിയിരിക്കുന്നത്. ബ്രസീലും ദക്ഷിണാഫ്രിക്കയും ചേർന്നുള്ള സംയുക്ത ഗവേഷണത്തിന് പതിനായിരം വോളണ്ടിയർമാരെയാണ് കണ്ടെത്തിയിരിക്കുന്നത്. ക്ളിനിക്കൽ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടിവരുന്ന നിയമപരമായ കാലതാമസമാണ് ഗവേഷണ സ്ഥാപനങ്ങളുടെ മുന്നിലുള്ള ഇപ്പോഴത്തെ വെല്ലുവിളി. ഓരോ പരീക്ഷണ ഘട്ടത്തിനും ക്ലിപ്തമായ കാലാവധിയുണ്ട്. ആ ഘട്ടം വിജയകരമായി പൂർത്തിയാക്കിയാലേ അടുത്ത ഘട്ടത്തിലേക്കു കടക്കാനാവൂ. ഔഷധ നിർമ്മാണവുമായി ബന്ധപ്പെട്ട കടുത്ത നിയമ വ്യവസ്ഥകൾ അനുസരിച്ചല്ലാതെ വിപണിയിൽ വാക്സിൻ എത്തിക്കാനാവില്ല. മനുഷ്യജീവൻവച്ചുള്ള കളിയായതിനാൽ യാതൊരുവിധ നീക്കുപോക്കും ഇതിലില്ല. ഇത്തരം കടുത്ത വ്യവസ്ഥകളില്ലായിരുന്നുവെങ്കിൽ ദുരമൂത്ത ഔഷധ കമ്പനികൾ എന്നേ വിവിധതരം കൊവിഡ് വാക്സിനുകളുമായി അരങ്ങുവാഴുമായിരുന്നു.