തിരുവനന്തപുരം / കൊച്ചി / എഴുകോൺ : അന്ന് കൈയിലെ ചുവന്ന ബാഗ് വീശി ആയിരങ്ങളെ രക്ഷിച്ച അനുജിത്ത് ഇനി എട്ടു പേരിലൂടെ ജീവിക്കും. ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര എഴുകോൺ ഇരുമ്പനങ്ങാട് വിഷ്ണുമന്ദിരത്തിൽ ശശിധരൻപിള്ളയുടെയും വിജയകുമാരിയുടെയും മകൻ അനുജിത്തിന്റെ (27) ഹൃദയം, വൃക്കകൾ, കണ്ണുകൾ, ചെറുകുടൽ, കൈകൾ എന്നിവയാണ് ദാനം ചെയ്തത്. സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ച അവയവങ്ങൾ ഇന്നലെ മൂന്നുപേരിൽ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. ഈ മാസം 14നാണ് ബൈക്കപകടമുണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചെങ്കിലും 17ന് മസ്തിഷ്ക മരണമുണ്ടായി.
പ്രിയപ്പെട്ടവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ആദ്യം സമ്മതം അറിയിച്ചത് ഭാര്യ പ്രിൻസിയാണ്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അനുജിത്ത് ലോക്ക് ഡൗണായതോടെ കൊട്ടാരക്കരയിലെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്‌മാനായി ജോലി നോക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് വോളന്റിയറുമായിരുന്നു. ഇവർക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്. അജല്യ സഹോദരിയാണ്.
അന്ന് ഒഴിവായത് വൻ ദുരന്തം
2010 ആഗസ്റ്റ് 30നാണ് ആയിരക്കണക്കിന് ട്രെയിൻ യാത്രക്കാരെ അനുജിത്ത് രക്ഷിച്ചത്. അന്ന് ചന്ദനത്തോപ്പ് ഐ.ടി.ഐ വിദ്യാർത്ഥിയായിരുന്നു .
എഴുകോൺ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുവരുമ്പോഴാണ് പാളത്തിലെ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിയിക്കാനായി അരകിലോമീറ്ററിലേറെ ദൂരമുള്ള എഴുകോൺ സ്റ്രേഷനിലേക്ക് ഓടി. അപ്പോഴേക്കും കൊല്ലം - പുനലൂർ പാസഞ്ചർ ട്രെയിൻ എഴുകോൺ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിരുന്നു. ഉടൻ
അനുജിത്ത് തന്റെ ചുവന്ന ബാഗ് എടുത്തുയർത്തി വീശി ട്രെയിന് നേരെ ഓടി. അപകടം മുന്നിൽ കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ നിറുത്തി.
11 ബോഗികൾ ഉണ്ടായിരുന്ന ട്രെയിനിൽ അന്ന് ആയിരത്തോളം യാത്രക്കാരുണ്ടായിരുന്നു.
അനുജിത്തിന്റെ ഹൃദയം സണ്ണിയിൽ
ഇന്നലെ ഉച്ചയ്ക്ക് 1.54 ന് തിരുവനന്തപുരത്ത് നിന്ന് അവയവങ്ങളുമായി കൊച്ചിയിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ 2.44 ന് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിന്റെ ഹെലിപ്പാഡിലിറങ്ങി. ഒരു മിനിട്ടിനകം അവയവങ്ങൾ വാഹനങ്ങളിലേക്ക് മാറ്റി. തൃപ്പൂണിത്തുറ സ്വദേശിയായ 55കാരൻ സണ്ണി തോമസിനാണ് അനുജിത്തിന്റെ ഹൃദയം വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. 7 മണിയോടെ ശസ്ത്രക്രീയ പൂർത്തിയായി.
കൈകളും ചെറുകുടലും അമൃതയിലേക്ക്
അനുജിത്തിന്റെ കൈകളും ചെറുകുടലും അമൃത ആശുപത്രിയിലെ രോഗികൾക്കായാണ് നൽകിയത്. ചെറുകുടൽ പാലക്കാട് സ്വദേശിയായ മദ്ധ്യവയസ്കനാണ് നൽകിയത്. കഴിഞ്ഞ രണ്ടുവർഷമായി കൈകൾക്കായി കാത്തിരിക്കുകയായിരുന്ന 23കാരനാണ് കൈകൾ വച്ചുപിടിപ്പിച്ചത്. മറ്റ് അവയവങ്ങൾ എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിവായിട്ടില്ല.