cpm

തിരുവനന്തപുരം: കേരളത്തിലെ സ്വർണ്ണക്കടത്ത് വിവാദത്തെക്കാൾ,ദേശീയ രാഷ്ട്രീയ സംഭവഗതികൾക്കാവും 25, 26 തിയതികളിൽ വീഡിയോ കോൺഫറൻസ് വഴി ചേരുന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പ്രാമുഖ്യം കിട്ടുകയെന്നാണ് സൂചന.

ജനുവരിയിൽ തിരുവനന്തപുരത്ത് ചേർന്ന ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് കേന്ദ്രകമ്മിറ്റി വീണ്ടും ചേരുന്നത്. കൊവിഡാനന്തര രാജ്യത്തെ വെല്ലുവിളികളും അതിനോടുള്ള കേന്ദ്ര സമീപനങ്ങളുമാവും മുഖ്യ ചർച്ചാവിഷയം. കൊവിഡിന്റെ മറവിൽ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്നവയിൽ തൊഴിൽ നിയമങ്ങൾ റദ്ദാക്കപ്പെടുന്നു. തൊഴിലാളികളുടെ പലായനം, കർഷക ദുരിതങ്ങൾ മുതലായവയും ചർച്ച ചെയ്യും. കേന്ദ്രസർക്കാരിന്റെ കൊവിഡ് പാക്കേജ് സാമാന്യജനതയ്ക്ക് നേരിട്ട് സഹായമെത്തിക്കുന്നതിന് പര്യാപ്തമല്ലെന്ന വിമർശനമുണ്ട്. മുന്നൊരുക്കമില്ലാത്ത ലോക്ക് ഡൗൺ പ്രഖ്യാപനം സൃഷ്ടിച്ച ദുരിതങ്ങളും , ഇളവുകൾക്ക് ശേഷം രാജ്യത്ത് രോഗവ്യാപനം കൂടിയതും, അതിനിടയിലും ഇന്ധനവില കുത്തനെ കൂട്ടിയതും വിഷയങ്ങളാണ്. ഇതിൽ ആവിഷ്കരിക്കേണ്ട തുടർപ്രക്ഷോഭ പരിപാടികൾക്ക് യോഗം രൂപം നൽകും.

സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തണം

കേരളവും ബംഗാളുമടക്കമുള്ള സംസ്ഥാനങ്ങൾ അടുത്ത വർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ, സംഘടനാപ്രവർത്തനം ശക്തിപ്പെടുത്താനുതകുന്ന പ്രക്ഷോഭപരിപാടികളും ഏറ്റെടുക്കേണ്ടതുണ്ട്. കൊവിഡ് വ്യാപനം കേരളം ആദ്യഘട്ടത്തിൽ മികവാർന്ന പ്രവർത്തനത്തിലൂടെ നിയന്ത്രിച്ചുനിറുത്തിയത് ഇടതുസർക്കാരിന്റെ മികവായി സി.പി.എം പി.ബി വിലയിരുത്തിയിരുന്നു. ഇപ്പോൾ രോഗവ്യാപനം കൂടുമ്പോഴും, മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നതും സർക്കാരിന്റെ പ്രതിരോധ മികവായി പാർട്ടി കാണുന്നു.

സ്വർണ്ണക്കടത്ത് വിവാദത്തിൽ ആരോപണമുയർന്നയുടൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെതിരെ അടക്കം കൈക്കൊണ്ട നടപടികൾ സർക്കാരിന്റെ സുതാര്യതയുടെ തെളിവായാണ് സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. ഇത് കേന്ദ്രകമ്മിറ്റിയെ ബോദ്ധ്യപ്പെടുത്താനാവും ശ്രമം. ഇതിന്മേൽ കാര്യമായ ചർച്ചയിലേക്ക് കടക്കാനിടയില്ല.