tham

കിളിമാനൂർ: തമ്പി കാക്ക ഇനി ഓർമ്മകളിൽ ജീവിക്കും .കിളിമാനൂരിന്റെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ മായ്ക്കാനാവാത്ത മുഖമായ മുഹമ്മദ് തമ്പിയുടെ മൃതദേഹം ഇനി മെഡിക്കൽ വിദ്യാർത്ഥികൾക്ക് .കഴിഞ്ഞ ദിവസം നിര്യാതനായ മഞ്ഞപ്പാറ കൈതക്കുഴി മുഹമ്മദ് തമ്പി (72) യുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൈമാറുമ്പോൾ മുഹമ്മദ് തമ്പിയുടെ അഭിലാഷം നിറവേറ്റുകയായിരുന്നു.

കിളിമാനൂരിൽ കെ.എസ്.എഫ് രൂപീകരണത്തിന് മുൻപന്തിയിലായിരുന്നു തമ്പി .പ്രദേശത്ത് സി.ഐ.ടി.യു ( ടാക്സി ) രൂപീകരണത്തിനും അതുപോലെതന്നെ. തമ്പി സ്വന്തം അംബാസഡർ കാറിൽ കിളിമാനൂരിൽ എത്തിയാൽ കയറാത്ത നേതാക്കൻമാർ ആരുമില്ല . 1967 ൽ കിളിമാനൂർ ഒരു യോഗത്തിൽ പ്രസംഗിക്കാൻ എ.കെ.ജി എത്തിയപ്പോൾ എതിരാളികൾ വൈദ്യുതി തകരാറുണ്ടാക്കി.എ.കെ.ജി.യുടെ യോഗം തീരുംവരെ സ്റ്റേജിന് അഭിമുഖമായി തന്റെയും സുഹൃത്തുക്കളുടെയും ടാക്സി കാറുകളുടെ ഹെഡ് ലൈറ്റ് തെളിച്ച് പ്രകാശം നൽകി.1972ൽ വൈദ്യുതി സമരം വിജയിപ്പിക്കാൻ ജില്ലയിലുടനീളം സഖാക്കളുമായി പാഞ്ഞതും തമ്പി കാക്കയുടെ കാറായിരുന്നു . പഴയകുന്നുമ്മൽ ലോക്കൽ കമ്മിറ്റി അംഗം, കൊടുവഴന്നൂർ ബാങ്ക് ഡയറക്ടർ ബോർഡംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച തമ്പിയുടെ വിയോഗത്തിൽ നിരവധി ആളുകൾ അനുശോചിച്ചു. .