തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചാലും ജോലിക്കെത്തണമെന്ന തൃശൂർ കളക്ടർ എസ്. ഷാനവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. കൊവിഡ് ബാധിച്ച് രോഗലക്ഷണങ്ങളില്ലാതെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ പാർപ്പിക്കുന്ന ആരോഗ്യ പ്രവർത്തകരെ മറ്റു രോഗികളെ പരിചരിക്കാനുള്ള ഡ്യൂട്ടിക്ക് നിയോഗിക്കാമെന്നായിരുന്നു കളക്ടറുടെ പോസ്റ്റ്.
കൊവിഡ് ചികിത്സയ്‌ക്ക് സ്വകാര്യ ആശുപത്രികളെ പങ്കാളികളാകുന്നതിനുള്ള യോഗത്തിന് ശേഷം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടർ തീരുമാനം അറിയിച്ചത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിലൂടെ സംസ്ഥാനത്തുടനീളം ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കാനാകുമെന്നായിരുന്നു കളക്ടറുടെ നിർദ്ദേശം. പൊതുജനാരോഗ്യപ്രവർത്തകരും ഐ.എം.എ പ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലുണ്ടായ തീരുമാനമെന്നായിരുന്നു വിശദീകരണം. ഇതിനെതിരെ നഴ്സുമാരുടെ സംഘടനകളും ഐ.എം.എ പ്രതിനിധികളും രംഗത്തെത്തി. യോഗത്തിൽ കളക്ടറാണ് ഇത്തരമൊരു തീരുമാനം മുന്നോട്ട് വച്ചതെന്നും അത് പ്രായോഗികമല്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഐ.എം.എ തൃശൂർ പ്രസിഡന്റ് ഡോ. ജോയി മഞ്ഞില വ്യക്തമാക്കി.
സ്ഥിതി വേഗത്തിൽ മാറാം
കൊവിഡ് ബാധിച്ച നല്ലൊരു ശതമാനം ആളുകൾക്കും രോഗലക്ഷണങ്ങളില്ല. ആരോഗ്യമുള്ള വ്യക്തിപോലും വേഗത്തിൽ അവശനാകാനുള്ള സാദ്ധ്യതയുണ്ട്. രോഗലക്ഷണം പ്രകടമാകാത്തവരിൽ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയൽ, പെട്ടെന്നുള്ള ഹൃദയസ്തംഭനം തുടങ്ങിയവ ഉണ്ടാകാമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് ബാധിതരായവർക്ക് മതിയായ വിശ്രമവും നിരീക്ഷണവും ഉറപ്പാക്കുന്നത്.
അടിമകളല്ലെന്ന് കെ.ജി.എം.ഒ.എ
കളക്ടറുടെ ആശയം അശാസ്ത്രീയവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ പ്രതികരിച്ചു. അന്യസംസ്ഥാനങ്ങളിലെ മലയാളി ആരോഗ്യപ്രവർത്തകർ രോഗബാധിതരായിട്ടും, ജോലിചെയ്യാൻ നിർബന്ധിക്കപ്പെടുന്നു എന്ന വിഷയത്തിൽ അടിയന്തരമായി ഇടപെട്ട ഒരു സംസ്ഥാന സർക്കാരിന് കീഴിൽ ഇത്തരമൊരു ആശയവുമായി മുന്നോട്ടുവരാൻ ഒരു ജില്ലാ ഭരണാധികാരി തയ്യാറായത് അപലപനീയമാണ്. ആരോഗ്യപ്രവർത്തകർ അടിമകളല്ലെന്ന് പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണനും വ്യക്തമാക്കി.