തെന്നിന്ത്യയിലും ബോളിവുഡിലും ആരാധകരെ സൃഷ്ടിച്ച് മുന്നേറുന്ന താരമാണ് ശ്രുതി ഹാസൻ. പിന്നണി ഗായികയായിട്ട് തന്റെ കരിയർ ആരംഭിച്ച താരം ആറാം വയസിൽ അച്ഛൻ കമൽ ഹാസന്റെ ചിത്രമായ തേവർ മകനിൽ നിന്നായിരുന്നു അഭിനയത്തുടക്കം. ഇളയരാജയുടെ സംഗീതത്തിലാണ് താരപുത്രി ആദ്യം പാടി തുടങ്ങിയത്. ഇതിന് ശേഷം ഒരു ബോളിവുഡ് ചിത്രത്തിലും ശ്രുതി പാടി. സംഗീത ലോകത്ത് തന്റേതായ സ്ഥാനം സൃഷ്ടച്ച ശ്രുതി 2000 ൽ പുറത്തിറങ്ങിയ ഹേയ് റാം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെ നടി ബോളിവുഡിലും അരങ്ങേറി. ഇപ്പോൾ സോഷ്യൽ മീഡിയയിലും തെന്നിന്ത്യൻ സിനിമാ കോളങ്ങളിലും താരത്തിന്റെ ഓഫിഡിയോഫോബിയ എന്ന രോഗം വീണ്ടും ചർച്ചയായിരിക്കുകയാണ്. ശ്രുതി തന്നെ ഈ പ്രശ്നത്തെ കുറിച്ച് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. താൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിട്ടാണ് താരം ഓഫിഡിയോഫോബിയയെ കാണുന്നത്. "എന്റെ ഈ അവസ്ഥ വിവരിച്ച് കൊണ്ട് നേരത്തെ തന്നെ വിദഗ്ധനെ കണ്ടിരുന്നു. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ല. പിന്നീട് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് പോലും കാര്യങ്ങൾ എത്തിപ്പെട്ടിരുന്നു. പാമ്പ്, പല്ലി തുടങ്ങയ ജന്തുക്കളോടുള്ള ഭയമാണ് ഇതിന് കാരണം. നിറയെ പാമ്പുകളുള്ള സിനിമ കിട്ടുമോ എന്ന് വരെ ഇപ്പോൾ ഞാൻ ഭയപ്പെടുന്നു.." ശ്രുതി ഹാസൻ പറയുന്നു. ആദ്യ കാലങ്ങളിൽ തന്റെ സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമേ ഈ പ്രശ്നം അറിയാമായിരുന്നുളളൂ എന്നും ശ്രുതി പറയുന്നു. ലോക്ക് ഡൗണും മറ്റ് പ്രതിസന്ധിയും തുടങ്ങിയപ്പോൾ തന്നെ വിദേശത്ത് നിന്ന് ശ്രുതി നാട്ടിലേക്ക് എത്തിയിരുന്നു. നാട്ടിലാന്നെങ്കിലും അച്ഛനും മക്കളും പല സ്ഥലങ്ങളിലായിട്ടായിരുന്നു താമസിച്ചിരുന്നത്. ലോകത്തിലെ നിലവിലുള്ള പ്രതിസന്ധി കടന്നുകിട്ടിയാൽ ജപ്പാനിലേക്ക് പോകാൻ പ്ലാനുണ്ടെന്നും ശ്രുതി അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ ആയതോടെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പഴയ ചിത്രങ്ങളും ലോക്ക് ഡൗൺ വിശേഷങ്ങളും പാട്ട് വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയ പേജിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ബോളിവുഡ് താര റാണി ദീപിക പദുകോണും ശ്രുതി ഹാസനെ പോലെ സമാനമായ ഭയമുണ്ട്. നടിക്ക് പാമ്പുകളെ ഏറെ ഭയമാണ്. ഇത് മാറ്റാൻ ശ്രമിച്ചെങ്കിലും മാറിയിട്ടില്ല എന്നാണ് താരവും പറയുന്നത്.