msme

തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും മൂലം സാമ്പത്തിക ഞെരുക്കത്തിലായ എം.എസ്.എം.ഇകൾക്ക് മൂലധനം ഉറപ്പാക്കാൻ കേന്ദ്രം പ്രഖ്യാപിച്ച 100 ശതമാനം ഈടുരഹിത വായ്‌പാ ഇനത്തിൽ കേരളത്തിൽ ഇതുവരെ അനുവദിച്ചത് 4,​276 കോടി രൂപ. ഇതിൽ 3,​278 കോടി രൂപ ഇതിനകം വിതരണം ചെയ്‌തുവെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്ക് വ്യക്തമാക്കി.

1.10 ലക്ഷം സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭകരാണ് (എം.എസ്.എം.ഇ)​ കേരളത്തിലുള്ളത്. വ്യാപാരം,​ ഉത്‌പാദനം,​ എൻജിനിയറിംഗ് മേഖലകളിലാണ് കൂടുതൽ സംരംഭകരുള്ളത്. ഉത്‌പാദന മേഖലയിൽ ഭക്ഷ്യസംസ്‌കരണം,​ ഗാർമെന്റ്‌സ് വിഭാഗങ്ങളിലാണ് കൂടുതൽ സംരംഭങ്ങൾ. കേരളത്തിലെ വായ്‌പാ വിതരണം വൈകാതെ 10,​000 കോടി രൂപയിൽ എത്തിക്കാനാകുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ.

വായ്‌പയും

ചട്ടവും

സംരംഭകൻ ബാങ്കുകളിൽ ഇനി തിരിച്ചടയ്ക്കാൻ ബാക്കിയുള്ള വായ്‌പാത്തുകയുടെ 20 ശതമാനമാണ് കേന്ദ്രം പ്രഖ്യാപിച്ച എമർജൻസി ക്രെഡി‌റ്ര് ലൈൻ ഗ്യാരന്റി സ്‌കീമിലൂടെ (ഇ.സി.എൽ.ജി.എസ്)​ അനുവദിക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ. നാലുവർഷമാണ് തിരിച്ചടവ് കാലാവധി. പലിശ 9.25 ശതമാനം.

₹3 ലക്ഷം കോടി

എം.എസ്.എം.ഇകൾക്കുള്ള അടിയന്തര വായ്പാ പദ്ധതിക്കായി മൂന്നുലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചത്.

₹1.27 ലക്ഷം കോടി

രാജ്യവ്യാപകമായി ഇതുവരെ എം.എസ്.എം.ഇകൾക്ക് അനുവദിച്ചത് 1.27 ലക്ഷം കോടി രൂപ. ഇതിൽ 77,​613 കോടി രൂപ വിതരണം ചെയ്‌തു. ഇതിൽ 45,​797 കോടി രൂപയും വിതരണം ചെയ്‌തത് പൊതുമേഖലാ ബാങ്കുകളാണ്. 20,​988 കോടി രൂപ അനുവദിച്ച എസ്.ബി.ഐയാണ് മുന്നിൽ.

സഹായവുമായി

സംസ്ഥാനവും

കൊവിഡ് ബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വ്യാവസായ ഭദ്രത പദ്ധതിപ്രകാരം വ്യവസായികൾക്ക് 6 മാസത്തെ പലിശ തിരിച്ചുനൽകും. കെ.എസ്. ഐ.ഡി.സി., കിൻഫ്ര എന്നിവവഴിയാണ് ഇതു നടപ്പാക്കുന്നത്.

വെബിനാർ

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വ്യവസായികൾക്ക് മാർഗനിർദേശം നൽകാൻ താലൂക്കുകളിൽ വ്യവസായ ഡയറക്‌ടറേറ്റ് വെബിനാറുകൾ നടത്തുന്നുണ്ടെന്ന് വ്യവസായ വകുപ്പ് അഡിഷണൽ ഡയറക്‌‌ടർ രമേശ് കുമാർ പറ‌ഞ്ഞു.