വർക്കല: തീരമേഖലയായ ഇടവ മുതൽ പെരുമാതുറ വരെയുളള കൊവിഡ് കണ്ടെയ്ൻമെന്റ് സോൺ ഒന്നിൽ വിപുലമായ പ്രതിരോധ നടപടികൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കി. അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ സോണിലെ എല്ലാ പ്രദേശങ്ങളിലും സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്, കെപ്‌കോ തുടങ്ങിയവയുടെ സഞ്ചരിക്കുന്ന വില്പന കേന്ദ്രങ്ങളെത്തും. തിരക്ക് ഒഴിവാക്കുന്നതിനായി കൃത്യമായ ഷെഡ്യൂൾ നിശ്ചയിച്ചാണ് ഇവയുടെ സഞ്ചാരം. ഇന്നലെ മുതൽ ഇവ പ്രവർത്തനമാരംഭിച്ചു. സോണിലെ എല്ലാ റേഷൻകടകളിലും സൗജന്യ ധാന്യങ്ങളടക്കമുള്ളവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കും. മറ്റ് രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളിൽ ലഭ്യമാക്കാൻ ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്തി. അത്യാവശ്യഘട്ടങ്ങളിൽ ആശാവർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സഹായത്തോടെ ജീവൻരക്ഷാ മരുന്നുകൾ വീടുകളിലെത്തിക്കും. ജനങ്ങൾ വീടുകൾക്കുള്ളിൽ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പഞ്ചായത്ത് ഭാരവാഹികൾ, മത - സാമുദായിക നേതാക്കൻമാർ തുടങ്ങിയവർ ശ്രദ്ധിക്കണമെന്നും ജനങ്ങൾ പരമാവധി സഹകരിക്കണമെന്നും ഇൻസിഡന്റ് കമാൻഡർമാർ അഭ്യർത്ഥിച്ചു. പരമാവധി താത്കാലിക കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ വിവിധ ഭാഗങ്ങളിൽ സജ്ജീകരിക്കുന്നതിന് ദ്രുതഗതിയിൽ നടപടി പുരോഗമിക്കുകയാണ്. ഇതിനകം കണ്ടെത്തിയ പത്തോളം കേന്ദ്രങ്ങളിൽ 600ലേറെ കിടക്കകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വർക്കല ഗവ. ഗസ്റ്റ്ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനസജ്ജമായിട്ടുണ്ട്.
മൊബൈൽ ഭക്ഷ്യവില്പനശാലകൾ എത്തിച്ചേരുന്ന സമയക്രമം
സപ്ലൈകോ (ചൊവ്വ മുതൽ ശനി വരെ)
രാവിലെ 10.30 - വെറ്റക്കട
10.45 - ഇടവ ഹെൽത്ത് സെന്റർ
11 - വെൺകുളം മരക്കടമുക്ക്
11.15 - മാന്തറ ക്ഷേത്രം
11.30 - മാന്തറ സംഘം മുക്ക്
11.45 - ഓടയം ജംഗ്ഷൻ
12 - ചിലക്കൂർ വളളക്കടവ് ജംഗ്ഷൻ
12.15 - ഫിഷർമാൻ കോളനി
12.30 - ചുമടുതാങ്ങി
12.45 - താഴേ വെട്ടൂർ
1 - റാത്തിക്കൽ
1.15 - മാമ്പളളി
1.30 - അഞ്ചുതെങ്ങ്
2 - സുനാമി കോളനി,
കെപ്‌കോ (ചൊവ്വ)
രാവിലെ 9 - കടയ്ക്കാവൂർ
9.30 അഞ്ചുതെങ്ങ്
ഹോർട്ടികോർപ് (ചൊവ്വ മുതൽ ശനി വരെ)
രാവിലെ 9 - അഞ്ചുതെങ്ങ്
9.30 - കടയ്ക്കാവൂർ