general

ബാലരാമപുരം: അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം ആർ.സി സ്ട്രീറ്റിലെ പ്ലാവോട്ട് തോപ്പ് കുളം വീണ്ടും ജലസമൃദ്ധിയിലേക്ക്. അഡ്വ. എം. വിൻസെന്റ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് 10 ലക്ഷം രൂപ അനുവദിച്ച് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് കുളത്തിന്റെ നവീകരണ ജോലികൾ ആരംഭിച്ചു. കുളത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി വാർത്തകളും നൽകിയതിനെ തുടർന്നാണ് എം.എൽ.എ ഇടപെട്ടത്. ഐത്തിയൂർ,​ തെങ്കറക്കോണം,​ ഭഗവതിനട ഏലായിലെ ആയിരത്തോളം വരുന്ന കർഷകരുടെ ഏക ആശ്രയമാണ് പ്ലാവോട്ട് തോപ്പ് കുളം. ആർ.സി സ്ട്രീറ്റ് സെന്റ് സെബാസ്റ്റ്യൻ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കുളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് നിവേദനവും നൽകിയിരുന്നു. കുളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് മെമ്പർ പ്രമീളകുമാരി ഇറിഗേഷൻ അധികൃതർക്ക് കത്തും നൽകി. ആർ.സി സ്ട്രീറ്റ് നിവാസികളുടെ ഗാർഹിക ആവശ്യങ്ങൾക്കും കുളം ഏറെ ഉപയോഗ പ്രദമായിരുന്നു. കഴിഞ്ഞം ദിവസം ആരംഭിച്ച നവീകരണ ജോലിക്കിടെ നിരവധി പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളാണ് പുറത്തെടുത്തത്. കുളത്തിലെ പായൽ നീക്കം ചെയ്യുന്നതോടൊപ്പം സംരക്ഷണഭിത്തി ഇയർത്തിക്കെട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ജലസ്രോതസ് സംരക്ഷിക്കണം

നീണ്ട കാത്തിരിപ്പിനുശേഷം പുതുജീവൻ ലഭിച്ച ആർ.സി സ്ട്രീറ്റ് പ്ലാവോട്ട് തോപ്പ് നീരുറവയുടെ ദീർഘകാല സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഇറിഗേഷൻ വകുപ്പും പഞ്ചായത്തും ഇടപെടണം. എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് കുളം നവീകരിക്കുന്നത് സ്വാഗതാർഹമാണ്. സൈഡ് വാൾ ഉയർത്തിക്കെട്ടി കുളത്തിന് കൂടുതൽ സംരക്ഷണം നൽകാൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നടപടി സ്വീകരിക്കണം.

ബാലരാമപുരം അൽഫോൺസ് (പ്രസിഡന്റ് )​, എ. റൈയ്‌മണ്ട് (സെക്രട്ടറി )​
സെന്റ് സെബാസ്റ്റ്യൻ റസിഡന്റ്സ് അസോസിയേഷൻ

 പ്ലാവോട്ട് തോപ്പ് കുളം സ്ഥിതി ചെയ്യുന്നത് - 1 ഏക്കറിൽ