pig

തിരുവനന്തപുരം : തൊളിക്കോട്, വിതുര, നന്ദിയോട്, ആര്യനാട് പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം വർദ്ധിച്ചതായി കർഷകരുടെ പരാതി. കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ പല സ്ഥലങ്ങളിലും കർഷകർ കൃഷിചെയ്യാതായി. കടം വാങ്ങിയും വായ്പയെടുത്തും കൃഷി ഇറക്കിയവർക്ക് നഷ്ടം മാത്രമാണ് ഉണ്ടാകുന്നത്. സന്ധ്യകഴിഞ്ഞാൻ പന്നിശല്യം കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പുലർച്ചെ ടാപ്പിംഗ് ജോലിക്കുപോകാനും തൊഴിലാളികൾ മടിക്കുന്നു. ആദിവാസി മേഖലകളിലെയും അവസ്ഥയും വ്യത്യസ്തമല്ല. തൊളിക്കോട് - നന്ദിയോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നാഗര കാലങ്കാവ് റൂട്ടിൽ പകൽസമയത്തുപോലും പന്നികൾ നാട്ടിലിറങ്ങി ഭീതി പരത്തുന്നുണ്ട്. പന്നികളുടെ ആക്രമണത്തിൽ അനവധി പേ‌‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയും നന്ദിയോട് വട്ടപ്പൻകാടിന് സമീപം ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. വിതുര - നന്ദിയോട് പാലോട് റൂട്ടിൽ ചെറ്റച്ചൽ നവോദയ സ്കൂളിന് സമീപത്തും വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നു. ഇവ അഴുകി പ്രദേശമാകെ ദുർഗന്ധം വമിക്കുകയാണ്. മാലിന്യം തിന്നാൻ കാട്ടുപന്നികൾ ഇവിടെയെത്താറുണ്ട്. ഈ പന്നികളാണ് കൃഷി നശിപ്പിക്കുന്നത്. പന്നിക്ക് പുറമേ കുരങ്ങൻമാരും നാട്ടിലിറങ്ങി നാശം വിതക്കുന്നുണ്ട്. ഇവ പച്ചക്കറി കൃഷികൾ നശിപ്പിക്കുന്നതും തെങ്ങിൽ കയറി കരിക്കിൻ കുലകൾ അടർത്തിയിടുന്നതും നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആകർഷിച്ച് ഇറച്ചിമാലിന്യം

ഈ പഞ്ചായത്തുകളിലെ വിജനമായ സ്ഥലങ്ങളിൽ അറവുശാലകളിൽ നിന്നുള്ള ഇറച്ചിമാലിന്യം ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്. വൻതോതിലുള്ള ഈ മാലിന്യം ഭക്ഷിക്കാനെത്തുന്ന പന്നികൾ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പന്നിശല്യം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഗര, ഭദ്രംവച്ചപാറ, പുളിച്ചാമല നിവാസികൾ നിരവധി തവണ അധികാരികൾക്ക് നിവേദനം നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

പന്നി ശല്യം രൂക്ഷം ഇവിടെ

തേവിയോട്, മൂന്നാംനമ്പർ, മണിതൂക്കി, മരുതാമല, മക്കി, അടിപറമ്പ്, ജഴ്സിഫാം, ചാത്തൻകോട്, ചെമ്മാംകാല, ആനപ്പാറ, കല്ലാർ, ഇരുപത്തിയാറാംമൈൽ, പേപ്പാറ, പട്ടൻകുളിച്ചപാറ, മേമല, തോട്ടുമുക്ക്, പറണ്ടോ‌ട്, ചെറ്റച്ചൽ, തെന്നൂർ, തലത്തൂതക്കാവ്, അല്ലത്താര, കൊമ്പ്രാംകല്ല്, ആറാനക്കുഴി, മീനാങ്കൽ, മണലി, ചാരുപാറ, പേരയത്തുപാറ, ജ്ഞാനിക്കുന്ന്, പൊൻപാറ, ചേന്നൻപാറ, മേമല.