വർക്കല: വൃദ്ധദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിനകത്തുകയറി അതിക്രമങ്ങൾ നടത്തുകയും വീട്ടുസാധനങ്ങൾ കടത്തിക്കൊണ്ടു പോവുകയും നശിപ്പിക്കുകയും ചെയ്യുന്നതായി പരാതി. ആന്റമാനിൽ ഹെഡ് സർവേയറായി റിട്ടയർ ചെയ്ത പാലച്ചിറ മരക്കടമുക്ക് ശാന്തിയിൽ വിഷ്ണുബാലന്റെ (86) വീട്ടിലാണ് അക്രമം. പക്ഷാഘാതം വന്ന് കൈകാലുകൾക്ക് സ്വാധീനക്കുറവുള്ളയാളാണ് വിഷ്ണുബാലൻ. ഭാര്യ പ്രിയംവദ (84) കിടപ്പ് രോഗിയാണ്. രണ്ട്പേരും മാത്രമേ വീട്ടിലുള്ളൂ. അക്രമം സംബന്ധിച്ച് ഒരാഴ്ചയ്ക്കു മുമ്പ് പൊലീസിനു പരാതി നൽകിയിരുന്നു. പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ലെന്ന് വിഷ്ണുബാലൻ പറയുന്നു.