cctv

തിരുവനന്തപുരം: ചീഫ്സെക്രട്ടറിയുടെ ഓഫീസിലെ സി.സി ടി.വി സംവിധാനം ഇടിമിന്നലേറ്റ് പ്രവർത്തനരഹിതമായെന്നും അത് നന്നാക്കിയതിന് സ്വകാര്യ ഏജൻസിക്ക് 10,413 രൂപ അനുവദിച്ചെന്നുമുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ ദുരൂഹതയെന്ന് ആക്ഷേപം. തുക അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത് ഈ മാസം 13നാണെങ്കിലും മേയ് 13 മുതൽ ഇതിന്റെ കത്തിടപാടുകളുണ്ടെന്ന് ഉത്തരവിലുണ്ട്.

സ്വർണക്കടത്ത് വിവാദം കത്തി നിൽക്കുന്നതിനിടെ, ഇത്തരമൊരു ഉത്തരവിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ സംഘടനാനേതാക്കളടക്കം ആക്ഷേപിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിക്ക് സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധവും ചീഫ്സെക്രട്ടറിയുടെ ഓഫീസിലടക്കം നടന്ന കരാർനിയമനങ്ങളുമടക്കം ചർച്ചയാവുന്നതിനിടയിലാണ് ഇത്തരമൊരു കത്ത് പുറത്ത് വന്നിരിക്കുന്നത്. ഐ.ടി വകുപ്പിന് കീഴിലെ പ്രോജക്ടിൽ ഉന്നതതസ്തികയിൽ വിരാജിച്ചിരുന്ന വനിതയാണ് സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി. മുൻ ചീഫ്സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥതലത്തിലടക്കം വലിയ ബന്ധം ഇവർക്കുണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.

ഈ സാഹചര്യത്തിൽ സി.സി ടി.വി സംവിധാനത്തിലെ തകരാർ സംബന്ധിച്ച് പുതിയൊരു വെളിപ്പെടുത്തൽ ഉത്തരവിലൂടെ പുറത്തുവിടുന്നത് ദുരൂഹമാണെന്ന ആക്ഷേപമാണുയരുന്നത്. സോളാർ കേസ് ഉണ്ടായവേളയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്തെ സി.സി ടി.വി സംവിധാനം തകരാറിലായതിനെ ചൊല്ലി വിവാദമുയർന്നിരുന്നു.