car

തിരുവനന്തപുരം: മദ്യപിച്ച് അപകടകരമായി കാറോടിച്ചതിന് സന്ദീപ് നായരെ പൊലീസ് പിടികൂടിയപ്പോൾ, കാറിൽ നിന്ന് പണമടങ്ങിയ ബാഗ് കടത്തിയ പൊലീസ് സംഘടനാ ഭാരവാഹിക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഡി.ഐ.ജി സഞ്ജയ്‌കുമാർ ഗുരുദിനാണ് അന്വേഷണം നടത്തുക. നേതാവിന്റെ ഇടപെടൽ കേരളകൗമുദിയാണ് പുറത്തു കൊണ്ടുവന്നത്.

കള്ളക്കടത്ത് സ്വർണം കൈമാറിക്കിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് സൂചന. ഈ കാറാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കഴിഞ്ഞ മാസം 10ന് മണ്ണന്തല പൊലീസാണ് സന്ദീപിനെ പിടികൂടിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ബെൻസ് കാറാണ്. വിവരമറിഞ്ഞ് മണ്ണന്തല സ്റ്റേഷനിൽ പാഞ്ഞെത്തിയ നേതാവ് കാറിലെ ബാഗ് സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. കാർ പൊലീസ് പരിശോധിച്ചപ്പോഴാണ് രണ്ടായിരത്തിന്റെ നോട്ടുകൾ നിറച്ച ബാഗ് കണ്ടെത്തിയത്. സന്ദീപിനെ വൈദ്യപരിശോധന നടത്തി തിരിച്ചെത്തിക്കും മുൻപ് നേതാവ് സ്റ്റേഷനിലെത്തി. കാറിന്റെ രേഖകൾ ശരിയായിരുന്നില്ല. നേതാവിന്റെ സമ്മർദ്ദത്തിൽ രേഖകൾ പരിശോധിക്കാതെ കാറും ബാഗും വിട്ടുനൽകി. സ്വന്തം ജാമ്യത്തിൽ വിടണമെന്ന നേതാവിന്റെ ശുപാർശ സി.ഐ അംഗീകരിക്കാതിരുന്നതോടെ മറ്റൊരാളെ എത്തിച്ച് സന്ദീപിനെ ജാമ്യത്തിലിറക്കി.

സന്ദീപിനെതിരെ നേരത്തേയുണ്ടായ ചെറിയ കേസുകളിലും ഇയാൾ ഇടപെട്ടതായി ആരോപണമുണ്ട്.

കാറിന്റെ രേഖകൾ പൂനെയിലെ വ്യവസായിയായ മലപ്പുറത്തുകാരന്റേതാണ്. നികുതി അടയ്ക്കാതെയാണ് കേരളത്തിൽ ഓടിച്ചത്. കാർ വിട്ടുകൊടുത്തത് സിറ്റി പൊലീസ് കമ്മിഷണർ അന്വേഷിക്കുന്നുണ്ട്. മണ്ണന്തല എസ്.ഐക്കെതിരെ നടപടിയുണ്ടാവുമെന്നാണ് വിവരം.

നേതാവ് ഉറ്റ തോഴൻ

പൊലീസ് നേതാവ് സന്ദീപിനൊപ്പം ബെൻസ് കാറിൽ നഗരത്തിൽ കറങ്ങുന്നത് പതിവായിരുന്നു. കരകുളത്തെ സന്ദീപിന്റെ ഫ്ലാറ്റിലും എത്തിയിരുന്നു. ഒമ്പതു തവണ സന്ദീപിനൊപ്പം കൊച്ചിയിൽ പോയെന്നാണ് വിവരം. ലോക്ക് ഡൗൺ കാലയളവിലും ഈ വാഹനം കൊച്ചിയിൽ പോയി. വിവരങ്ങളെല്ലാം അറിയാമായിരുന്നിട്ടും സ്പെഷ്യൽബ്രാഞ്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തതുമില്ല. രഹസ്യാന്വേഷണ വിഭാഗവും നേതാവിന്റെ ഇടപെടലിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നില്ല. പത്രവാർത്ത വന്നതോടെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

അന്വേഷണം അട്ടിമറിക്കാനും ശ്രമം

പൊലീസ് നേതാവിനെതിരായ വകുപ്പുതല അന്വേഷണം അട്ടിമറിക്കാനും ശ്രമം തുടങ്ങി. ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ നേരിട്ട് അന്വേഷിക്കാനാണ് ഉത്തരവെങ്കിലും, അന്വേഷണ ചുമതല അദ്ദേഹം തന്റെ ഓഫീസിലെ എസ്.ഐയ്ക്ക് കൈമാറിയിരിക്കയാണ്. നേരത്തേ വട്ടിയൂർകാവിൽ ഇദ്ദേഹം എസ്.ഐയായിരുന്നപ്പോൾ ആരോപണ വിധേയനായ നേതാവും സ്റ്റേഷനിലുണ്ടായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

കേസെടുക്കാതെ സന്ദീപിനെ രക്ഷിച്ചെടുക്കാൻ നേതാവ് ശ്രമിച്ചെങ്കിലും മണ്ണന്തല സി.ഐ വഴങ്ങിയിരുന്നില്ല. തന്റെ ജാമ്യത്തിൽ സന്ദീപിനെ വിടണമെന്ന് നേതാവ് ആവശ്യപ്പെട്ടപ്പോൾ സി.ഐ അനുവദിക്കാത്തതിനെ തുടർന്ന് പുറത്തു നിന്ന് ജാമ്യക്കാരെ എത്തിച്ചാണ് ഇറക്കിയത്. അതിനാൽ സി.ഐയുടെ മൊഴി വകുപ്പുതല അന്വേഷണത്തിൽ രേഖപ്പെടുത്തേണ്ടി വരും. എസ്.ഐയെ ചുമതല ഏൽപ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ആക്ഷേപം.