തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷയൊരുക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. ഇതിനോടകം 150ലധികം ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകർക്ക് വേണ്ട പി.പി.ഇ കിറ്റ്, എൻ1 മാസ്‌ക് തുടങ്ങിയവ ലഭ്യമല്ലെന്ന ആക്ഷേപമുണ്ട്. അധികസമയ സേവനത്തിന് വേതനം നൽകണമെന്ന ന്യായമായ ആവശ്യത്തെ പരിഹാസത്തോടെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. സാലറികട്ടിന്റെ പരിധിയിൽ നിന്നുവരെ ഇവരെ ഒഴുവാക്കാത്തത് ക്രൂരമാണ്. സർക്കാരിന്റെ കൊവിഡ് പ്രതിരോധം പൂർണമായും പാളിയ മട്ടാണ്. മതിയായ കൊവിഡ് പരിശോധന നടക്കാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നത്. ചെലവു കുറഞ്ഞ ആന്റിജൻ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.