dr

വർക്കല: പ്രവാസിയായ യുവാവിനെ ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന വീട്ടിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കി. മേൽവെട്ടൂർ ബിസ്‌മില്ല ഹൗസിൽ അമീറിന് (24) നേരെയാണ് ആക്രമണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് മേൽവെട്ടൂർ സ്വദേശി സാദിഖ് ഹംസയെ (64) പൊലീസ് അറസ്റ്റുചെയ്‌തു. ഹംസയുടെ നാലാമത്തെ ഭാര്യയുടെ മകളുമായുള്ള വിവാഹത്തിൽ നിന്നു അമീർ പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. അബുദാബിയിൽ സ്‌കഫോൾഡിംഗ് ജോലി ചെയ്‌തിരുന്ന അമീർ ജൂൺ 25നാണ് നാട്ടിലെത്തിയത്. ശ്രീകാര്യത്തുള്ള സർക്കാർ ക്വാറന്റൈനിൽ 14 ദിവസം കഴിഞ്ഞശേഷം കൊവിഡ് ടെസ്റ്റ് നെഗറ്റീവായതിനെ തുടർന്ന് അമീറിനെ വീട്ടിലേക്ക് മടക്കിഅയച്ചു. ജൂലായ് 17ന് വൈകിട്ട് 4.30ഓടെ ഇന്നോവ കാറിലെത്തിയ രണ്ടംഗ സംഘം ആരോഗ്യ പ്രവർത്തകരാണെന്ന് പരിചയപ്പെടുത്തിയ ശേഷം കൊവിഡ് ടെസ്റ്റിന് സാമ്പിളെടുക്കാനെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു. പാരിപ്പള്ളി ഇ.എസ്.ഐ ആശുപത്രിയുടെ മുൻവശത്ത് കൊണ്ടുപോയി വാഹനം നിറുത്തിയ ശേഷം അമീറിനെ കാറിൽ ഇരുത്തി കാർ ലോക്ക് ചെയ്‌തു. രണ്ടുപേർ പുറത്തിറങ്ങി അകത്തേക്കുപോയ ശേഷം തിരികെ വന്ന് ഡോക്ടർമാർ ഇല്ലെന്നും രാത്രി 8ന് എത്തിയാൽ മതിയെന്നും പറഞ്ഞു. പിന്നാലെ തിരികെ അമീറിനെ വീട്ടിലെത്തിച്ച ശേഷം സംഘം മടങ്ങിപ്പോയി. രാത്രി 8.30ഓടെ സംഘം വീണ്ടും അമീറിനെ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കിളിത്തട്ട് മുക്കിലെത്തിയ വാഹനം മേൽവെട്ടൂർ ഭാഗത്തേക്ക് അമിത വേഗതയിൽ പോകുന്നതിൽ സംശയം തോന്നിയ അമീർ ആശുപത്രിയിലേക്ക് പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ വെട്ടൂരിൽ ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞശേഷം ഹംസയുടെ വീട്ടിലെത്തിക്കുകയായിരുന്നു. അമീറിന്റെ കൈകാലുകൾ ബന്ധിച്ച ശേഷമാണ് ക്രൂരമായി മർദ്ദിച്ചത്. ഹംസയുടെ നാലാമത്തെ ഭാര്യയുടെ മൂത്ത മകളെ അഞ്ചുവർഷം മുമ്പ് അമീർ നിശ്ചയം കഴിച്ചിരുന്നു. വിവാഹത്തിൽ നിന്നു ഒഴിഞ്ഞുമാറണമെന്നു പറഞ്ഞായിരുന്നു മർദ്ദനം. ഇതിനിടെ അമീറിനോട് പെൺകുട്ടിയുടെ നമ്പരിലേക്ക് വിളിക്കാൻ പറഞ്ഞു. കൈയിലെ കെട്ട് അഴിച്ചുമാറ്റുന്നതിനിടെ അമീർ ഇവരെ തള്ളിമാറ്റി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. വർക്കല പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഹംസ പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്‌തു. വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ അജിത് കുമാർ, ജൂനിയർ എസ്.ഐ രാഹുൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു രണ്ടുപ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കി.