മലയിൻകീഴ്: അക്രമിയുടെ കല്ലേറിൽ കടയുടമയുടെ കാലിന് ഗുരുതര പരിക്ക്. മലയിൻകീഴ് പൊതുമാർക്കറ്റിന് സമീപത്തെ 'ഭാഗ്യ 'കടയുടമ സ്വാമിപ്രസാദിനാണ് (56) പരിക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.50നാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വാമിപ്രസാദിന്റെ കാൽമുട്ടിൽ രണ്ട് ശസ്ത്രക്രിയ വേണ്ടിവന്നു. സംഭവത്തിന് പിന്നിലാരാണെന്ന് അറിവായിട്ടില്ല. ഉച്ചഭക്ഷണത്തിനുശേഷം കടയ്‌ക്കുള്ളിലിരുന്ന് മയങ്ങുന്നതിനിടെയാണ് കല്ലേറുണ്ടായത്. കരിങ്കല്ല് ഫോട്ടോ കോപ്പി പേപ്പറിൽ പൊതിഞ്ഞാണ് എറിഞ്ഞതെന്ന് മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സമീപത്തെ സി.സി ടിവി കാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. അക്രമിയെ കണ്ടെത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മലയിൻകീഴ് യൂണിറ്റ് പ്രസിഡന്റ് ജയൻ കെ. പണിക്കരും സെക്രട്ടറി കൃഷ്ണകുമാറും ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ചതായി മലയിൻകീഴ് സി.ഐ അനിൽകുമാർ അറിയിച്ചു.