sarith
Sarith

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി പി.എസ് സരിത്തുമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിരുവനന്തപുരത്ത് പന്ത്രണ്ടിടത്ത് തെളിവെടുത്തു. ഗൂഢാലോചന നടത്തിയ ഫ്ലാറ്റുകൾ, സ്വർണം കൈമാറിയ സ്ഥലങ്ങൾ, നന്ദാവനത്തെ ബാർഹോട്ടൽ, കൂട്ടുപ്രതികളുടെ വീടുകൾ,​ കോൺസുലേറ്റിന്റെ വ്യാജരേഖകൾ നി‌ർമ്മിച്ച,​ സെക്രട്ടേറിയറ്റിന് സമീപം സ്റ്റാച്യു- ജനറൽ ആശുപത്രി റോഡിലെ കട എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

കൊച്ചിയിൽ നിന്ന് രാവിലെ 11ന് എത്തിച്ച സരിത്തിനെ, കൂട്ടുപ്രതി സന്ദീപ് നായരുടെ പത്താംകല്ലിലെ 'ഉപഹാർ ' വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഈ വീടിനു പിന്നിലെ പുഴക്കരയിൽ നിന്ന്,​ സ്വർണംകടത്തിയ ആറ് ബാഗുകൾ, ഓവനുകൾ, മോട്ടോറുകൾ, ബെൽറ്റുകൾ എന്നിവ നേരത്തേ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നെടുമങ്ങാട്ട് സന്ദീപിന്റെ 'കാർബൺ ഡോക്ടർ' എന്ന വർക്ക് ഷോപ്പിലാണ് പിന്നീടെത്തിച്ചത്. സന്ദീപിനും റമീസിനും മ​റ്റും സ്വർണം കൈമാറിയിരുന്നത് ഇവിടെയാണ്. പ്രതികൾ ഗൂഢാലോചന നടത്തിയ അമ്പലംമുക്കിലെ സ്വപ്നയുടെ ഫ്ളാ​റ്റിലാണ് പിന്നീട് എത്തിയത്. മുഖ്യമന്ത്റിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കർ ഇവിടെ വരുമായിരുന്നുവെന്ന് സരിത്ത് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് കുറവൻകോണത്തെ പാർപ്പിട സമുച്ചയത്തിനു മുന്നിൽ വാഹനവ്യൂഹം നിർത്തി എൻ.ഐ.എ. ഉദ്യോഗസ്ഥർ ഫോണിൽ പകർത്തി.

കേശവദാസപുരം- ഉള്ളൂർ റോഡിലെ ബഹുനില കെട്ടിടത്തിലേക്കാണ് പിന്നീട് പോയത്. കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ സ്വർണം കൈമാറിയെന്ന് വെളിപ്പെടുത്തിയിരുന്നു. അടുത്ത തെളിവെടുപ്പ് നന്ദാവനത്തെ ബാറിലായിരുന്നു ഹവാല സംഘം ഇവിടെ ഗൂഢാലോചന നടത്തിയിരുന്നതായും സരിത്ത് മൊഴിനൽകി. ഇവിടെവച്ച് സ്വ‌ർണം കൈമാറാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. സെക്രട്ടേറിയ​റ്റിനു സമീപത്തെ ഹെദർ ഫ്ളാ​റ്റിലായിരുന്നു അടുത്ത തെളിവെടുപ്പ്. എം.ശിവശങ്കറിനും സ്വപ്നയ്‌ക്കും ഇവിടെ ഫ്ലാറ്റുണ്ട്. ഗൂഢാലോചനയ്‌ക്കും സ്വർണം കൈമാറാനുള്ള സുരക്ഷിത കേന്ദ്രമായും ഈ ഫ്ളാ​റ്റ് ഉപയോഗിച്ചെന്നാണ് പ്രതികളുടെ മൊഴി.

പാച്ചല്ലൂരിലെ സരിത്തിന്റെ 'മുദ്റ ' എന്ന വീട്ടിൽ 45 മിനി​റ്റിലേറെ നീണ്ട തെളിവെടുപ്പിൽ സുപ്രധാന രേഖകൾ കണ്ടെടുത്തു. രേഖകളുടെ പകർപ്പെടുത്ത ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിലെത്തിച്ചും തെളിവെടുത്തു. കവടിയാറിലെ സന്ദീപിന്റെ ബ്യൂട്ടിപാർലറിലും സരിത്തിനെ എത്തിച്ചു. സ്വപ്‌ന താമസിച്ച ആൽത്തറ ജംഗ്ഷനടുത്തെയും പി.ടി.പി നഗർ പടയണിയിലെയും വീടുകളിലും തെളിവെടുത്തു. പടയണിയിലെ വീട്ടിൽ സരിത്തും സന്ദീപും സ്റ്റേറ്റ് കാറിൽ എം.ശിവശങ്കറും വന്നിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഇവിടത്തെ നിശാപാർട്ടികളിൽ സമീപവാസികൾ പ്രതിഷേധിച്ചതോടെയാണ് സ്വപ്ന അമ്പലംമുക്കിലെ ഫ്ലാറ്റിലേക്ക് മാറിയത്. ഈ വീട്ടിൽ സ്വപ്നയുമായി എൻ.ഐ.എ ശനിയാഴ്ച തെളിവെടുത്തിരുന്നു. മേയ് 30ന് സ്വപ്ന വീട് മാറിപ്പോവും മുമ്പ് സരിത്തും സ്വപ്നയുടെ ഭർത്താവും രണ്ട് ദിവസം കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. കത്തിച്ചത് സ്വർണക്കടത്തിന്റെ രേഖകളോ സ്വർണം കടത്തിയ ബാഗുകളോ ആണോയെന്ന് സംശയമുണ്ട്. വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലും സരിത്തുമായി തെളിവെടുത്തു.