വക്കം: മത്സ്യത്തൊഴിലാളികളായ കോസ്റ്റൽ വാർഡന്മാർക്ക് തുടർനിയമനം നൽകണമെന്ന് അടൂർ പ്രകാശ് എം.പി. കരാർ കാലാവധി നീട്ടി തുടർ നിയമനം നൽകണം എന്നാവശ്യപ്പെട്ട് എം.പി മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും കത്തു നൽകി. മഹാപ്രളയം സംഭവിച്ചപ്പോൾ സ്വന്തം ജീവൻ പണയം വച്ച് സഹജീവികളെ രക്ഷപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങിയ വിഭാഗമാണ് മത്സ്യത്തൊഴിലാളികൾ. സർക്കാർ നൽകിയ അംഗീകാരമായിട്ടാണ് മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ വാർഡൻമാരായി കരാറടിസ്ഥാനത്തിൽ നിയമിച്ചത്. എന്നാൽ കരാർ കാലാവധി തീർന്ന മത്സ്യത്തൊഴിലാളികളായ കോസ്റ്റൽ വാർഡൻമാർ ഈ മാസം മുതൽ ജോലിക്ക് ഹാജരാകേണ്ട എന്ന് പല ജില്ലകളിലും നിർദ്ദേശം നൽകിയിരിക്കുകയാണ്.