bjp

തിരുവനന്തപുരം: സ്വർണക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. പത്തു ലക്ഷം വീടുകളിൽ പ്രതിഷേധാഗ്നി ജ്വലിപ്പിക്കുകയും വാർഡുതലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.

എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതിഷേധ ജ്വാല തെളിച്ചു. രാജ്യദ്രോഹ കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞു വരികയാണെന്നും മലയാളികളുടെ ക്ഷമപരീക്ഷിക്കാതെ അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി. രമേശ്, സി. കൃഷ്ണകുമാർ, പി. സുധീർ, ജില്ലാപ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിലും പ്രതിഷേധ ജ്വാല തെളിച്ചു. ഒ.രാജഗോപാൽ എം.എൽ.എ തിരുവനന്തപുരത്തെ വസതിയിലും കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധത്തിൽ പങ്കാളികളായി.