car

കാസർകോട്.സിനിമാ സ്‌റ്റൈലിൽ മൂന്ന് പൊലീസ് ജീപ്പുകളെ വെട്ടിച്ച് മൂന്നര മണിക്കൂറോളം റേസ് നടത്തിയ കാർ ഒടുവിൽ പിടിയിൽ. കാറിൽ നിന്ന് 250 ലിറ്റർ കർണാടകമദ്യം പിടികൂടി. സംഭവത്തിൽ മിയാപ്പദവ് ചികുർപാദയിലെ ചന്ദ്രശേഖറിനെ (33) കാസർകോട് ഡിവൈ.എസ്.പി.പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കർണ്ണാടകയിൽ നിന്ന് മദ്യവുമായി കാർ വരുന്നതായി ഡിവൈ.എസ്.പിക്ക് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കുഞ്ചത്തൂരിൽ വച്ച് പൊലീസ് കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. പൊലീസ് പിന്തുടർന്ന കാർ ഹൊസങ്കടിയിൽ എത്തിയപ്പോൾ കാത്തുനിന്ന മഞ്ചേശ്വരം പൊലീസിനെയും വെട്ടിച്ച് മുന്നോട്ടുനീങ്ങി . ആനക്കല്ല് റോഡ് വഴി മൊർത്തണ്ണ. മിയാപ്പദവ്, പൈവളിഗെ, പെർമുദെ, സീതാംഗോളി റോഡിൽ കാർ എത്തിയെന്ന് വിവരം കിട്ടിയ കുമ്പള എസ്.ഐ. എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സീതാംഗോളിയിൽ ജീപ്പ് കുറുകെയിട്ട് പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച കാർ കിൻഫ്ര റോഡിൽ കടന്നു. തുടർന്ന് കാസർകോട് പൊലീസ് മായിപ്പാടിയിൽ വച്ച് അതുവഴി വരികയായിരുന്ന ലോറിയെ നിർത്തിച്ച് റോഡിന് കുറുകെയിട്ട് ഗതാഗതതടസമുണ്ടാക്കുകയായിരുന്നു. മുന്നോട്ടും പിന്നോട്ടും എടുക്കാനാകാതെയാണ് കാർ പൊലീസിന് കസ്റ്റഡിയിലെടുക്കാനായത്.