തിരുവനന്തപുരം: കൊവിഡ് സ്ഥിതി ആശങ്കാജനകമായി തുടരുന്ന മേഖലയെ പിടിച്ചുലച്ച് കടൽക്ഷോഭവും. ഇന്നലെ പൂന്തുറ ചെറിയാമുട്ടം,നടത്തുറ,മടവുംഭാഗം മേഖലകളിൽ രൂക്ഷമായ കടക്ഷോഭം അനുഭവപ്പെട്ടു. രാവിലെ മുതൽ ആരംഭിച്ച കടലേറ്റത്തിൽ നൂറോളം വീടുകളിൽ വെള്ളം കയറി. 15ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണായ മേഖലകളിൽ വരും ദിവസങ്ങളിലും കടലേറ്റം രൂക്ഷമാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. അതേസമയം പൂന്തുറ,പുല്ലുവിള,വെട്ടുതുറ,ചെറിയതുറ,വലിയതുറ, ബീമാപള്ളി മേഖലകളിൽ 40ഓളം പേർക്ക് കൊവിഡ് പോസിറ്റീവായി. എല്ലാ കേസുകളും സമ്പർക്കം വഴിയാണെന്നതും ആശങ്കയേറ്റുന്നു. ഇതോടൊപ്പമാണ് തീരദേശവാസികളെ പ്രതിസന്ധിയിലാഴ്‌ത്തി കടൽക്ഷോഭവുമെത്തിയത്. കൊച്ചുതോപ്പിൽ ആഭ്യന്തര വിമാനത്താവളത്തിന് സമീപം കടലേറ്റം രൂക്ഷമായി പത്തോളം വീടുകൾ ഭാഗികമായും അഞ്ചു വീടുകൾ പൂർണമായും തകർന്നു. ഇൗ ഭാഗത്ത് കടൽ ഭിത്തി നിർമ്മിക്കാനാവശ്യമായ സാമഗ്രികൾ എത്തിക്കുമെന്ന വർഷങ്ങളായുള്ള വാഗ്ദാനവും സർക്കാർ പാലിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. പനത്തുറയിൽ ശക്തമായ തിരയടിയിൽ പുലിമുട്ടുകളുടെ പകുതി ഭാഗം കടലെടുത്തതോടെ പ്രദേശവാസികൾ ആശങ്കയിലായി. പനത്തുറ മുസ്ലിംപള്ളി, സുബ്രഹ്മണ്യ ക്ഷേത്രം മുതൽ തോട്ട് മുക്കിന് സമീപം പൊഴിക്കര വരെയുളള ജനങ്ങളാണ് ഭീഷണി നേരിടുന്നത്. പൊഴിക്കരയ്ക്ക് സമീപം വള്ളമിറക്കാൻ നിർമ്മിച്ചിരുന്ന 10മീറ്റർ നീളമുള്ള രണ്ട് പുലിമുട്ടുകളുടെ പകുതിഭാഗം കടലെടുത്തു. തിരയെ പ്രതിരോധിക്കാനായി അടുക്കിയ കൂറ്റൻ കല്ലുകളുടെ അടിഭാഗത്ത് നിന്നു മണൽ ഒലിച്ചുപോയതോടെ കടൽഭിത്തി താഴ്ന്നതായി നാട്ടുകാർ പറഞ്ഞു.
12പേർക്ക് രോഗമുക്തിയെന്ന്
പൂന്തുറ മേഖലയിൽ 12പേർ കൊവിഡ് ഫലം നെഗറ്റീവായി വീടുകളിൽ തിരിച്ചെത്തിയെന്ന് വാർഡ് കൗൺസിലർ പീറ്റർ സോളമൻ പറഞ്ഞു. ചികിത്സയിലുള്ള കൂടുതൽ പേരുടെ നില മെച്ചപ്പെട്ടെന്നും അവരും വരും ദിവസങ്ങളിൽ വീടുകളിലെത്തുമെന്നും കൗൺസിലർ പറഞ്ഞു.
തീരദേശ സോണിൽ കളക്ടറെത്തി
തിരുവനന്തപുരം: പെരുമാതുറ മുതൽ വിഴിഞ്ഞം വരെയുള്ള രണ്ടാം തീരദേശ സോണിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ സന്ദർശനം നടത്തി. കൺട്രോൾ റൂമിലെത്തിയ കളക്ടർ ഇൻസിഡന്റ് കമാൻഡർമാരുമായും മേഖലയിൽ നിയോഗിക്കപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. മേഖലയിൽ കൊവിഡ് പ്രതിരോധിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പുതിയ ക്രമീകരണങ്ങൾ, ഇതുവരെയുള്ള പ്രവർത്തനം എന്നിവ വിലയിരുത്തിയ ശേഷം വലിയതുറ തീരദേശത്തെത്തി മത്സ്യവിൽപ്പനക്കാരുമായും വ്യാപാരികളുമായും കളക്ടർ സംസാരിച്ചു.