covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 720 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 528 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യുകയുണ്ടായി. തിരുവനന്തപുരം പുല്ലുവിളയിൽ 15ന് മരണമടഞ്ഞ വിക്‌ടോറിയയുടെ (72) പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതോടെ ആകെ മരണം 44 ആയി.

ഇന്നലെയും ഏറ്റവും കൂടുതൽ രോഗബാധിതർ തലസ്ഥാനത്താണ്. 151 പേരിൽ 144 പേരും സമ്പർക്ക രോഗികളാണ്.

കൊല്ലത്തും സമ്പർക്ക രോഗവ്യാപനം രൂക്ഷമാകുന്നു. ഇന്നലെ 85ൽ 79 പേ‌ർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളത്ത് 80 പേരിൽ സമ്പർക്ക രോഗികൾ 72. പാലക്കാട്, കാസർകോട് 36 വീതം, കോട്ടയം 35, കോഴിക്കോട് 33, ആലപ്പുഴ 30, മലപ്പുറം 29, പത്തനംതിട്ട 21, വയനാട് 6, കണ്ണൂർ 5, തൃശൂർ 2 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സമ്പർക്ക കേസ്.

ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ 82 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഇന്നലെ 274 പേർ രോഗമുക്തി നേടി.